മഞ്ചേരി: ഐഡിയകൾ പാറിപ്പറക്കുന്ന ലോക്ക് ഡൗൺകാലത്ത് പതിനഞ്ചുകാരൻ സ്വന്തമാക്കിയത് ഒരു കാർ.അതും സ്വന്തം കൈകൾകൊണ്ട് നിർമ്മിച്ചത്. പണികൾ പൂർത്തിയായിട്ടില്ല. ഇതുവരെ ചെലവായത് വെറും 3500 രൂപ.നിർമ്മാണം തുടങ്ങി മൂന്നാം നാൾ, നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് പുതിയ കാർ റോഡിൽ സവാരി നടത്തി.
മഞ്ചേരി ഗവ. ടെക്നിക്കൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ജിജിൻ പുല്ലൂരിലെ കുഞ്ഞാറ്റിൻകര വീട്ടിൽ ലോക്ക് ഡൗണിലെ വിരസത മാറ്റാനാണ് കാറിന്റെ പണിപ്പുരയിലേക്ക് കടന്നത്. സ്കൂളിലെ ശാസ്ത്രമേളയിൽ കാറൊരുക്കിയതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. നിർമ്മാണത്തൊഴിലാളിയായ പിതാവ് സുനിൽ കുമാർ പണം കൊടുത്തു. അമ്മ അജിതയും സഹോദരി അലീഷയും പിന്തുണയുമായി കൂടെനിന്നു.
ആക്രികടയിൽ നിന്ന് ആട്ടോ റിക്ഷയുടെ എൻജിൻ സംഘടിപ്പിച്ചു.ചേസിസ് സ്വന്തമായി വെൽഡ് ചെയ്തുണ്ടാക്കി.ഗിയർ സിസ്റ്റവും ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും പഴയ ടയറുകളും സീറ്റും ഘടിപ്പിച്ചു. പെട്രോൾ ചെന്നതോടെ കാർ മുറ്റത്ത് ഇരമ്പി റോഡിലേക്കിറങ്ങി.
പരീക്ഷ കഴിഞ്ഞ് ബോഡി നിർമ്മാണത്തിലേക്ക് കടക്കും.മൊത്തം പണി കഴിഞ്ഞാലേ മൈലേജ് എത്രയെന്ന് പറയാനാവൂ.അദ്ധ്യാപകരും സുഹൃത്തുക്കളും സർവപിന്തുണയുമായി കൂടെയുണ്ട്.ഭാവികാര്യങ്ങൾ അവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |