കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം സംസ്കരിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെയും കളക്ടറുടെയും നിർദ്ദേശം നഗരസഭാ കൗൺസിൽ യോഗം തള്ളി. കരാറിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ പഠനം നടത്താൻ സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചണ്ടി ഡിപ്പോയിലെ 40,300 ക്യുബിക് മീറ്റർ സ്ഥലത്തെ മാലിന്യം സംസ്കരിക്കുന്നതിന് 3.9 കോടി രൂപയുടെ ടെൻഡർ നഗരസഭ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിന് പുറമേ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കൈമാറിയ സ്ഥലത്തെ മാലിന്യം കൂടി സംസ്കരിക്കുന്നതിനുള്ള കരാറാണ് ഇന്നലത്തെ കൗൺസിൽ യോഗം പരിഗണിച്ചത്.
371974 ക്യുബിക് മീറ്റർ സ്ഥലത്തെ മാലിന്യം സംസ്കരിക്കാൻ ഏകദേശം 10 കോടി രൂപയുടെ കരാറാണ് കൗൺസിൽ യോഗം പരിഗണിച്ചത്. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കാൻ എത്രയും വേഗം മാലിന്യം സംസ്കരിക്കാനുള്ള കരാർ അംഗീകരിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഭീമമായ തുക നഗരസഭയുടെ ഖജനാവിൽ നിന്ന് നഷ്ടമാകുന്നതിനൊപ്പം 25 ശതമാനം കരാർ തുക മുൻകൂറായി നൽകണമെന്ന നിയമവിരുദ്ധ വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ വിശദമായി പഠിച്ച ശേഷം തീരുമാനത്തിൽ എത്തിയാൽ മതിയെന്ന തീരുമാനത്തിലേക്ക് നഗരസഭാ യോഗം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |