നെയ്റോബി : ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 100,000 കടന്നു. ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലേക്കും കൊവിഡ് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞു. 3,204 പേരാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ഇതേവരെ മരിച്ചത്. നിലവിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡ് തീവ്രമായിട്ടില്ല. എന്നാൽ ഇത് വിദൂരമല്ലെന്നും യൂറോപ്പിനെയും അമേരിക്കയെക്കാളും ഭീകരമായ അവസ്ഥ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉണ്ടാകാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 100,000 കടന്നപ്പോൾ ആകെ മരണം 4,900 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആഫ്രിക്കയിൽ മരണനിരക്ക് കുറവാണ്. ആഫ്രിക്കയിലെ മൊത്തം ജനസംഖ്യയിൽ 60 ശതമാനവും 25 വയസിൽ താഴെയുള്ളവരാണ്.
ആഫ്രിക്കയിൽ മരണനിരക്ക് കുറഞ്ഞ് കാണപ്പെടാനുള്ള കാരണങ്ങളിൽ ഒന്നായി ഇത് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതേ വരെ 1.5 ദശലക്ഷം കൊവിഡ് പരിശോധനകളാണ് ആഫ്രിക്കയിൽ നടന്നിട്ടുള്ളത്. പരിശോധനാ സംവിധാനം ഇനിയും വികസിപ്പിച്ചാൽ മാത്രമേ കൂടുതൽ രോഗബാധിതരെ കണ്ടെത്താനാകൂ. യൂറോപ്പിൽ കൊവിഡ് വ്യാപനം തുടങ്ങിയപ്പോൾ തന്നെ സൗത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമൂഹ്യ അകലം, ലോക്ക്ഡൗൺ, ക്വാറന്റൈൻ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചത് രോഗവ്യാപനം കുറയ്ക്കുന്നതിൽ ഒരു പരിധി വരെ സഹായിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാതായാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
രോഗികളുടെ എണ്ണം കൂടുമ്പോൾ ആഫ്രിക്കയിലെ ആരോഗ്യ മേഖലയ്ക്ക് അത് താങ്ങാനാകില്ല. എബോള പോലെയുള്ള രോഗങ്ങൾ കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഇതേവരെ പിടിവിട്ടിട്ടില്ല എന്നതും വെല്ലുവിളി ഉയർത്തുന്നു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യം സൗത്ത് ആഫ്രിക്കയാണ്. 20,125 പേർക്കാണ് ഇവിടെ രോഗ സ്ഥിരീകരിച്ചത്. മരണ സംഖ്യ 397. വൈറസ് വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സൗത്ത് ആഫ്രിക്കയിൽ അഞ്ച് ആഴ്ച നീണ്ട് നിന്ന ലോക്ക്ഡൗൺ ഏപ്രിൽ 30നാണ് അവസാനിച്ചത്. ജൂൺ ഒന്നോടെ നിയന്ത്രണങ്ങളോടെ രാജ്യത്തെ സ്കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചന. ആഫ്രിക്ക, അൾജീരിയ, മൊറോക്കോ, നൈജീരിയ, ഘാന എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണം കൂടിയ മറ്റ് രാജ്യങ്ങൾ. മലാവി, ലിബിയ, സിംബാവെ, ബുറുണ്ടി, നമീബിയ, വെസ്റ്റേൺ സഹാറ, ലെസോതോ തുടങ്ങിയ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 100ൽ താഴെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |