അടൂർ : അപസർപ്പകഥയെ വെല്ലുന്ന വിധത്തിൽ സൂരജ് നടപ്പാക്കിയ കൊടും ക്രൂരതയ്ക്കു മുമ്പിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് പറക്കോട് പ്രദേശം. ഉത്രയെ ആദ്യം പാമ്പ് കടിച്ചത് സൂരജിന്റെ വീടായ പറക്കോട് വടക്ക് ശ്രീസൂര്യയിൽ വച്ചായിരുന്നു. അതിനാൽ പ്രതി സൂരജിനെ ഇവിടെയും തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് കരുതി ഇന്നലെ രാവിലെ മുതൽ പറക്കോട് വടക്ക് കാരയ്ക്കൽ ജംഗ്ഷനിൽ നിരവധി പേരാണ് അമർഷം ഉള്ളിലൊതുക്കി കാത്തുനിന്നത്. എന്നാൽ സൂരജിനെ കോടതിയിൽ ഹാജരാക്കിയെന്ന് അറിഞ്ഞതോടെ അവർ നിരാശരായി മടങ്ങുകയായിരുന്നു.
നാട്ടിൽ അധികം ചങ്ങാതിമാർ സൂരജിന് ഇല്ലായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട യുവാക്കളുമായിട്ടായിരുന്നു സൗഹൃദത്തിൽ അധികവും. ഉത്രയുമായുള്ള വിവാഹത്തിന് ശേഷമാണ് സൂരജിന്റെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ടത്. ബി.കോം പൂർത്തിയാക്കിയ സൂരജിന് എൽ.ആൻഡ് ടി എന്ന മൈക്രോഫിനാൻസ് കമ്പനിയുടെ അടൂർ ബ്രാഞ്ചിലായിരുന്നു ആദ്യം ജോലി. ഇൗ സമയത്തായിരുന്നു വിവാഹം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് കമ്പനി നിയമ നടപടിക്കൊരുങ്ങിയപ്പോൾ 50,000ത്തോളം രൂപ അടച്ച് പ്രശ്നം ഒത്തുതീർപ്പാക്കി ഇവിടത്തെ ജോലി സൂരജ് മതിയാക്കി. പിന്നീട് രണ്ട് വർഷം മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു.
"അവൻ അത് ചെയ്യില്ല,
എല്ലാം ഗൂഢാലോചന "
" അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. എല്ലാം പൊലീസ് അവന്റെ തലയിൽ അടിച്ചേൽപ്പിച്ചതാണ് " സൂരജിന്റെ അമ്മ രേണുക പറയുന്നു. ഏറെ സൗഹൃദത്തോടെയാണ് സൂരജും ഉത്രയും ജീവിച്ചത്. ഉത്രയെക്കാൾ അവളുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടം സൂരജിനോടായിരുന്നു. ഇത്രയും ക്രൂരതകാട്ടാൻ അവനെക്കൊണ്ടാകില്ലെന്നും രേണുക പറയുന്നു.
മാർച്ച് രണ്ടിന് രാത്രി പതിനൊന്നു മണിയോടെയാണ് ആദ്യം പാമ്പുകടിയേറ്റത്. ഉത്രയുടെ കാലിൽ എന്തോ വേദന എന്നുപറഞ്ഞ് മകൻ മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങിവന്നു. അവളുടെ ഇടതുകാലിൽ എന്തോ കടിച്ച പാടുണ്ടായിരുന്നു. ആകെ തളർന്നുപോയ സൂരജിന് കാർ ഒാടിക്കാൻ വയ്യാതായതോടെ മറ്റൊരു സൃഹൃത്തിനെ വിളിച്ചാണ് അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്. ഏപ്രിൽ 22 ന് ഡിസ്ചാർജ് ചെയ്ത് അഞ്ചലിലെ ഉത്രയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. കൂടുതൽ പരിശോധയ്ക്ക് ആശുപത്രിയിൽ കാണിക്കാനാണ് ഉത്ര മരിക്കുന്നതിന്റെ തലേദിവസം സൂരജ് അവിടേക്ക് പോയത്. പുലർച്ചെ സഹോദരി സൂര്യയെ ഫോണിൽ വിളിച്ച് ഉത്ര നമ്മെവിട്ടുപോയി എന്ന് സൂരജ് പറയുമ്പോഴാണ് ഞങ്ങൾ വിവരം അറിയുന്നതെന്നും അവർ പറഞ്ഞു.
ഒന്നുമറിയാതെ
ഒരു വയസുകാരൻ ധ്രുവ്
അമ്മ വിട്ടുപോയതറിയാതെ കളിയും ചിരിയുമായി സൂരജിന്റെ വീട്ടിൽ കഴിയുകയാണ് ഒരു വയസുകാരൻ ധ്രുവ്. ഇടയ്ക്കിടെ അമ്മൂമ്മയുടെ ഒക്കത്തുകയറി മുഖം ഒളിച്ചിരിക്കും. ചുറ്റും നടക്കുന്ന കോലാഹലങ്ങളൊന്നും ആ കുഞ്ഞുമനസ് അറിയുന്നതേയില്ല.
ഏപ്രിൽ 16 നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ലോക്ക് ഡൗണാണെങ്കിലും കേക്ക് മുറിച്ച് ആഘോഷിക്കണമെന്ന് ഉത്ര, സൂരജിനോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും അന്നേദിവസം ഉത്ര പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉത്രയുടെ സംസ്കാരത്തിന് ശേഷം സൂരജും ബന്ധുക്കളും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് ധ്രുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |