കാലടി: കാലടി മണപ്പുറത്ത് നിർമ്മിച്ച സിനിമാസെറ്റ് തകർത്ത കേസിൽ നാല് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അഞ്ച് പേർ അറസ്റ്റിലായി. രാഷ്ട്രീയ ബജ്‌രംഗ്‌ദൾ പ്രവർത്തകരായ അകനാട് മുടക്കുഴ തേവരുകുടി വീട്ടിൽ രാഹുൽരാജ് (19), ഇരിങ്ങോൾ പട്ടാൽ കാവിശേരി വീട്ടിൽ രാഹുൽ (23), കൂവപ്പടി നെടുമ്പിള്ളിവീട്ടിൽ ഗോകുൽ (25), കീഴില്ലം വാഴപ്പിള്ളിവീട്ടിൽ സന്ദീപ്കുമാർ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വർഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയും,. കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവുമാണ് കേസ്. മണപ്പുറത്ത് നിർമ്മിച്ചിരുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് ഞായറാഴ്ചയാണ് ഒരു സംഘം ആളുകൾ നശിപ്പിച്ചത്. മുഖ്യപ്രതി രാഷ്ട്രീയ ബജ്‌രംഗ്‌ദൾ ജില്ലാ പ്രസിഡന്റ് മലയാറ്റൂർ സ്വദേശി കാരി രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങൾ ഉൾപ്പടെ 29 കേസുകളിൽ പ്രതിയാണ് ഇയാൾ. നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയതിനെത്തുടർന്ന് പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |