ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ യാത്ര ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. തൊഴിലാളികൾക്ക് യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. രജിസ്ട്രേഷൻ വൈകുന്നതിനാലാണ് തൊഴിലാളികൾ നടക്കുന്നത്. നടക്കുന്ന തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തരമായി ഉത്തരവ് നടപ്പിലാക്കണമെന്നാണ് കോടതി നിർദേശം.
തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രാക്കൂലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് സംസ്ഥാനത്ത് നിന്നാണോ തൊഴിലാളികള്‍ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണം റെയില്‍വേ ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളും റെയില്‍വേയും നല്‍കണം. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |