ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. 24 മണിക്കൂറിൽ മരണത്തിന് കീഴടങ്ങിയത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനസർക്കാരുകളുടെ വെബ്സൈറ്റുകളും അമേരിക്കയുടെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ സമഗ്രമായ ഡാഷ്ബോർഡും കണക്കുകൂട്ടിയാൽ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.
1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാൾ ഇരട്ടിവരുമിത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. മരണസംഖ്യയിൽ പക്ഷേ, ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. രാജ്യത്ത് ഇതുവരെ മരണം 4706 ആണെങ്കിൽ, ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം 4638 ആണ്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കേരളമുൾപ്പെടെ കൊവിഡ് നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലും ഇപ്പോൾ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |