ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം മൂഴം ഒരു വർഷക്കാലം പൂർത്തിയാകുന്നു. മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയിട്ട് മെയ് 30ന് ഒരു വർഷം തികയും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ റാലികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങൾ തൃപ്‌തി രേഖപ്പെടുത്തിയതായി ലോക്കൽ സർക്കിൾസ് എന്ന സംഘടനയുടെ ഓൺലൈൻ സർവേയിൽ പറയുന്നു. കൊവിഡ് 19 പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ വളരെ ഫലപ്രദമാണെന്നാണ് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. പത്ത് ശതമാനം പേരുടെ അഭിപ്രായം ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അർത്ഥ ശൂന്യമാണെന്നാണ്.
ലോക്ക്‌ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. കൊവിഡ് 19നെ പ്രതിരോധിക്കാൻപ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലൂടെ കടുത്ത സാമ്പത്തിക തകർച്ചയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. തുടർന്ന് സാമ്പത്തിക ഉത്തേജനത്തിനായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു അത്.
എന്നാൽ വർഗീയ അജണ്ട മറക്കാനുള്ള മോദിയുടെ ഗൂഡോദ്ദേശം മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നടത്തിയ സർവേയിൽ രാജ്യത്തെ 76ശതമാനം ജനങ്ങളും മോദി ഭരണത്തിൽ തൃപ്‌തരല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതത്രേ. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ കെകൊണ്ട നടപടികളെ ഇതിൽ 54 ശതമാനം പേരാണ് വിമർശിച്ചിരിക്കുന്നത്.
അതെന്തുതന്നെ ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കൊവിഡ് ഹീറോയായി ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി വാർഷികം ആഘോഷിക്കുന്നത്. മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ (മോദിയുണ്ടെങ്കിൽ രാജ്യം സുരക്ഷിതമാണ്) എന്നതാണ് പുതിയ മുദ്രാവാക്യം. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് മോദി തന്നെ എന്നയാണ് ബി.ജെപിയുടെ ശക്തമായ വാദം.
ലോക്‌സഭയിൽ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. മുത്തലാഖ് നിർത്തലാക്കിയ നിയമനിർമാണം, ജമ്മു–കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മു–കാശ്മീർ സംസ്ഥാന വിഭജനം എന്നിവയെല്ലാം മോദി സർക്കാർ കൈകൊണ്ട സുപ്രധാന നടപടികളാണ്. ഇതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കി.
പ്രധാനമന്ത്രി കിസാൻ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവർക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഉദാഹരണം. ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനമായിരുന്നു പ്രതിരോധ മേഖലയിലെ സുപ്രധാന തീരുമാനം. ബോഡോ സമാധാന ഉടമ്പടി, റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എന്നിവയും ഭരണ നേട്ടങ്ങൾ തന്നെ.
എന്നാൽ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റർ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. ഇതിനെയെല്ലാം ഒരു പരിധിവരെ മോദി സർക്കാർ അടിച്ചമർത്തുകയായിരുന്നു എന്നുതന്നെ പറയാം. അതിനിടിയിലായിരുന്നു കൊവിഡ്, മഹാമാരിയായി രാജ്യത്തെ ഗ്രസിച്ചത്. കൊവിഡിനെ നേരിടുന്നതിൽ ഇന്ത്യ വിജയിച്ചോ എന്നു പറയാൻ സമയമായിട്ടില്ലെങ്കിലും, പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം ഉയർത്തികാട്ടി ജനങ്ങളുടെ മുന്നിൽ ആദ്യവർഷത്തെ പ്രോഗ്രസ് മിന്നുന്ന റിപ്പോർട്ടായി അവതരിപ്പിക്കാൻ തന്നെയാകും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെയും, ബി.ജെ.പിയുടെയും ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |