കൊച്ചി: ദീർഘദൃഷ്‌ടിയുള്ള സാമ്പത്തിക ശാസ്‌ത്ര വിദഗ്ദ്ധൻ എന്ന നിലയിലാണ് എം.പി. വീരേന്ദ്രകുമാറിനെ താൻ കണ്ടിരുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അദ്ദേഹം രചിച്ച 'ഗാട്ടും കാണാച്ചരടുകളും", 'ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും" തുടങ്ങിയവ ലോക സാമ്പത്തിക രംഗത്തെ ഭാവി മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന റഫറൽ ഗ്രന്ഥങ്ങളാണ്.
''അദ്ദേഹത്തിന്റെ രചനകളായ 'ഹൈമവതഭൂവിൽ", 'രാമന്റെ ദുഃഖം" ഉൾപ്പെടെയുള്ള പുസ്‌തകങ്ങൾ എന്റെ ലൈബ്രറിയിലുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ, സാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വം കൂടിയായിരുന്നു വീരേന്ദ്രകുമാർ. എന്റെ ജ്യേഷ്‌ഠസഹോദര തുല്യനായ അദ്ദേഹത്തിന്റെ ഉപദേശം പലകാര്യങ്ങളിലും ഞാൻ തേടിയിരുന്നു"" - യൂസഫലി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട്ട് നടന്ന സാഹിത്യോത്സവത്തിൽ സംബന്ധിക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങൾ അന്ന് വീരേന്ദ്രകുമാർ സമ്മാനമായി തന്നുവെന്നും എം.എ. യൂസഫലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |