തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് പക്ഷവുമായുള്ള തർക്കം നീളെ, യു.ഡി.എഫ് വിടാൻ മാനസിക തയ്യാറെടുപ്പിലാണ് പി.ജെ. ജോസഫ്. ഇത് മുൻകൂട്ടിക്കണ്ട് മുന്നണി വിപുലീകരണ ചർച്ച സി.പി.എം സജീവമാക്കുയും ചെയ്തു.
ജോസ് പക്ഷ പ്രതിനിധിയെ മാറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയേ തീരൂവെന്ന് കടുപ്പിച്ചിരിക്കുകയാണ് ജോസഫ്. ഇപ്പോൾ വിട്ടുവീഴ്ച ചെയ്താൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ജോസഫ് കണക്കുകൂട്ടുന്നു. വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിലെ പ്രമുഖർ ജോസഫിനൊപ്പമെത്തിയിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ അവരെയെല്ലാം തൃപ്തിപ്പെടുത്തണം. ഇന്നത്തെ നിലയിൽ യു.ഡി.എഫിൽ അതു നടക്കില്ലെന്ന തോന്നൽ ജോസഫിനുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടത്തോട്ടു ചായുന്നതും ഗുണമാകില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം കാലേക്കൂട്ടിയാരംഭിച്ചിരിക്കുന്നത്.
ഇത് മനസിലാക്കിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരു മുഴം നീട്ടിയെറിഞ്ഞത്. എൽ.ഡി.എഫിന്റെ മതനിരപേക്ഷ രാഷ്ട്രീയമംഗീകരിച്ച് യു.ഡി.എഫ് വിടാനൊരുങ്ങുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ചയ്ക്ക് സന്നദ്ധമാണെന്നാണ് വാഗ്ദാനം. ഇപ്പോൾ അത്തരമൊരു ചർച്ചയുണ്ടായിട്ടില്ലെന്നും, ഭാവിയിൽ യു.ഡി.എഫിൽ പൊട്ടിത്തെറി പുതിയ തലങ്ങളിലെത്തുമെന്നും കോടിയേരി കഴിഞ്ഞദിവസം പാർട്ടി മുഖപത്രത്തിലെഴുതി. എൽ.ഡി.എഫിന് തുടർഭരണം നൽകാൻ പ്രബുദ്ധകേരളം തയ്യാറാകുമെന്നാണ് കോടിയേരി പങ്കുവയ്ക്കുന്ന പ്രതീക്ഷ. കാലേകൂട്ടി ഗൃഹസന്ദർശനം ആരംഭിച്ചതും ഈ പ്രതീക്ഷയിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 90ന് മുകളിൽ സീറ്റ് നേടിയിട്ടും ക്രൈസ്തവമേഖലയിൽ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിൽ ഇടതിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. കെ.എം. മാണിയുടെ അഭാവത്തിൽ, ക്രൈസ്തവമേഖലയിലെ തലയെടുപ്പുള്ള നേതാവായ ജോസഫ് ഒപ്പംവരുന്നത് ഗുണമാകുമെന്ന് ഇടതുകേന്ദ്രങ്ങൾ കരുതുന്നു. അഴിമതിവിരുദ്ധ പ്രതിച്ഛായയുമുണ്ട്. സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച ജോസഫ്, മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലാപഞ്ചായത്തിൽ വിട്ടുവീഴ്ച ചെയ്താലത് നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിലും ചങ്ങനാശ്ശേരിയിലും ബാധിക്കുമെന്ന ആശങ്ക ജോസഫിനുണ്ട്. കടുത്തുരുത്തിയിൽ മോൻസ് ജോസഫും ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസുമാണ് സിറ്റിംഗ് അംഗങ്ങൾ. ഇരുവരും ജോസഫിനൊപ്പമാണ്. രണ്ടും തങ്ങളുടേതെന്നവകാശപ്പെട്ട് ജോസ് തർക്കമുന്നയിച്ചു കഴിഞ്ഞു. സി.എഫിനെതിരെ കഴിഞ്ഞതവണയും പാർട്ടിക്കുള്ളിൽ നിന്ന് കരുനീക്കങ്ങളുണ്ടായതാണ്. ചങ്ങനാശ്ശേരിയിൽ ചെറിയ ഭൂരിപക്ഷമേ അദ്ദേഹത്തിനുണ്ടായുള്ളൂ.
ഇടതുമുന്നണിയിൽ പോയാലും ജോസഫ് പ്രതീക്ഷിക്കുന്നത്രയും സീറ്റുകൾ കിട്ടുമോയെന്ന ചോദ്യം ബാക്കിയാണ്. അങ്ങനെയെങ്കിൽ അസംതൃപ്തരെ അടർത്തിയെടുത്ത് തിരിച്ചടിക്ക് കോൺഗ്രസും ശ്രമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |