കോട്ടയം: രണ്ടു മാസത്തോളം ഒഴിഞ്ഞു കിടന്നിരുന്ന റോഡുകളും അടഞ്ഞു കിടന്നിരുന്ന ബാറുകളും തുറന്നതോടെ അക്രമവാസനകളും ജില്ല പുറത്തെടുത്തു...! ലോക്ക് ഡൗണിൽ ഇളവുകൾ ലഭിക്കുകയും ബാറുകൾ തുറക്കുകയും ചെയ്‌ത കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ജില്ലയിൽ നടന്നത് 22 വാഹനാപകടങ്ങൾ, ഒരു കൊലപാതകം. 12 അടിപിടിക്കേസുകൾ...! കഴിഞ്ഞ വ്യാഴാഴ‌്ചയാണ് മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു ശേഷമാണ് ജില്ലയിൽ വ്യാപകമായി അക്രമങ്ങളുണ്ടായത്. റോഡുകളിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കുക കൂടി ചെയ്‌തതോടെ ജില്ലയിലെ പൊലീസിന് പണിയായി.
22 വാഹനാപകടങ്ങൾ
ബാറുകളും ബിവറേജുകളും തുറന്ന നാലു ദിവസത്തിനിടെ ജില്ലയിലുണ്ടായത് 22 വാഹനാപകടങ്ങളാണ്. 35 പേർക്ക് പരിക്കേറ്റു. കോട്ടയം നഗരപരിധിയിൽ വെള്ളിയാഴ്‌ച രാത്രി മുതൽ ശനിയാഴ്‌ച വൈകിട്ട് വരെയുണ്ടായത് ആറ് അപകടങ്ങളാണ്.
അടിപിടിയും അക്രമവും
മദ്യശാലകൾ തുറന്നതിനു പിന്നാലെ ജില്ലയിൽ അടിപിടി, അക്രമക്കേസുകൾ വർദ്ധിച്ചു. എല്ലാം മദ്യലഹരിയിൽ ഉണ്ടായത്. ഗാർഹിക അക്രമ പരാതിയും വർദ്ധിച്ചതായി പൊലീസ് പറയുന്നു.
കള്ളും പൊല്ലാപ്പും
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നത് പൊലീസാണ് . ക്വാറൻ്റൈനിൽ കഴിയുന്നവർ ചട്ടം ലംഘിക്കുന്നുണ്ടോ എന്നതുമുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി യാത്ര ചെയ്യുന്നുണ്ടോ എന്നതുവരെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് ബാറുകളിലെ പൊല്ലാപ്പും അടിപിടിയും
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |