കോട്ടയം: എം.ജി സർവകലാശാലയുടെ ആറാം സെമസ്റ്റർ പരീക്ഷകൾ ഇന്ന് തുടങ്ങുമ്പോൾ വിദ്യാർത്ഥികൾ ആശയക്കുഴപ്പത്തിൽ. സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാം എന്ന വാഗ്ദാനം വിശ്വസിച്ച വിദ്യാർത്ഥികളെയാണ് സർവകലാശാല ചതിച്ചത്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് വിദൂരമായ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നത് വെല്ലുവിളിയാണ്. പരീക്ഷാ കേന്ദ്രങ്ങൾ അടിക്കടി മാറ്റി സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷിക്കുകയാണ്.
ചേർത്തലയിലെ പരീക്ഷാ കേന്ദ്രം മാറ്റിയത് ഇന്നാണ്. പുതിയ ഹാൾ ടിക്കറ്റ് വിതരണം പൂർത്തിയായിട്ടില്ല. സംശയനിവാരണത്തിന് സർവകലാശാലാ ആസ്ഥാനത്തേക്ക് വിളിച്ചാൽ ആരും ഫോണെടുക്കുന്നില്ല. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടുമ്പോൾ ഒന്നിനും ഒരു നിശ്ചയവുമില്ല.
ഇതിനിടെ പുതിയ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തവർ സ്വന്തം കോളേജിൽ എത്തിയാൽ പരീക്ഷ എഴുതിക്കണം എന്ന വിചിത്രമായ ഉത്തരവ് കൂടി വന്നതോടെ ആശയക്കുഴപ്പം പൂർണമായി. എത്രപേർ എത്തുമെന്നോ ഹോട് സ്‌പോട്ടുകളിൽ നിന്നടക്കം വരുന്നവർ ആരൊക്കെയാണെന്നോ എത്രപേർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കണമെന്നോ കോളേജ് അധികൃതർക്കും യാതൊരു രൂപവുമില്ല.
പ്രൈവറ്റ് വിദ്യാർത്ഥികളാണ് ആകെ വലഞ്ഞിരിക്കുന്നത്. പഴയ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാൽ എഴുതാനാകുമോ എന്ന് ഉറപ്പില്ല. പുതിയ കേന്ദ്രത്തിൽ നേരത്തെ എത്തിപ്പെട്ടാൽ താമസസൗകര്യം ലഭ്യമല്ല.
പ്രശ്‌നങ്ങൾ പരിഹരിക്കണം: കെ.എസ്.യു
സർക്കാരിനെ പ്രീതിപ്പെടുത്താൻ വേണ്ടി മുന്നൊരുക്കങ്ങൾ നടത്താതെ ധൃതിപിടിച്ച് പരീക്ഷ നടത്തിത്തീർക്കാനുള്ള സർകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യമാണ് ഈ ആശങ്കകൾക്കെല്ലാം അടിസ്ഥാനം. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്. യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് വൈസ് ചാൻസലർക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |