കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്തായി വ്യാപകമായി പതിച്ച പോസ്റ്ററുകളുടെ ഉറവിടംതേടി പൊലീസ്. നഗരത്തിന്റെ ഹൃദയഭാഗമായ എറണാകുളം എം.ജി റോഡിൽ ഉൾപ്പെടെയാണ് ‘ഹു ഈസ് മി. ഡി’ എന്ന പേരിൽ ഗാന്ധിക്കണ്ണടയും കോട്ടും ധരിച്ചയാളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഏതാനും നാളുകൾക്കുമുമ്പ് പന്നിത്തല ചിത്രീകരിച്ച പോസ്റ്ററുകൾ കൊച്ചി സിറ്റിപരിധിയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് മിസ്റ്റർ ഡിയെക്കുറിച്ച് പോസ്റ്ററുകൾ പ്രചരിക്കുന്നത്. പോസ്റ്ററുകൾ തയ്യാറാക്കുമ്പോൾ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് നിബന്ധനയുണ്ടെങ്കിലും ഈ പോസ്റ്ററിൽ ഇത്തരം വിശദാംശങ്ങളില്ല.
ഗ്രാഫിറ്റി വർക്കാണെന്ന് സംശയം
ഇംഗ്ലണ്ടിലെ അജ്ഞാത ഗ്രാഫിറ്റി കലാകാരൻ ബാങ്ക്സിയുടെ മാതൃകയിലാണ് കൊച്ചിയിൽ പോസ്റ്ററുകൾ പതിക്കുന്നതെന്ന് സംശയം ഉയർന്നിട്ടുണ്ട്. തെരുവോരങ്ങളിലും മതിലുകളിലും ഭിത്തികളിലും വിമർശനാത്മക സ്വഭാവത്തിലുള്ള ഗ്രാഫിറ്റി ചിത്രീകരണം നടത്തുന്ന ബാങ്ക്സി ഇതുവരെയും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം അജ്ഞാതമായി തുടരുന്നു. 1990 മുതലാണ് ഇംഗ്ലണ്ടിൽ ബാങ്ക്സിയുടെ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഈ ചിത്രങ്ങൾ സാമൂഹികചർച്ചകൾക്ക് തിരികൊളുത്തുകയും ലോകവ്യാപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കൊച്ചി ബിനാലെ ആരംഭിക്കുന്നതിന് ഏതാനും ദിവസംമുമ്പാണ് കൊച്ചിയിൽ ‘ഹു ഈസ് മിസ്റ്റർ ഡി’ പോസ്റ്ററുകൾ കണ്ടുതുടങ്ങിയത്. അതിനാൽ ബിനാലെ കലാകാരന്മാരുമായി പോസ്റ്ററുകൾക്ക് ബന്ധമുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പകൽ നേരത്ത് ഇത്തരം പോസ്റ്ററുകൾ പതിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സമീപത്തെ കച്ചവടക്കാരും സ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നു. അതിനിടെ ചിലരെങ്കിലും പോസ്റ്ററിലെ ചിത്രംകണ്ട് മിസ്റ്റർ ഡിയെ തിരിച്ചറിയാൻ ഗൂഗിളിലുൾപ്പെടെ സെർച്ച് ചെയ്യുന്നുണ്ട്. പരിചയമുള്ള മുഖമാണെങ്കിലും ആരെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മുമ്പ് മുട്ടം യാർഡിൽ കൊച്ചി മെട്രോട്രെയിനിലെ ഗ്രാഫിറ്റി ചിത്രീകരണം വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |