മിനെയപലിസ്: കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്നുള്ള കലാപം അമേരിക്കയിൽ കൊടുമ്പിരി കൊള്ളുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പോലും വൈറ്റ്ഹൗസിലേക്ക് പാഞ്ഞടുക്കുന്ന അക്രമികളെ ഓർത്ത് ബങ്കറിൽ ഇരിക്കേണ്ടി വന്നു. ഇപ്പോഴിതാ ജോർജിനെ പൊലീസ് ഉപദ്രവിക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പൊലീസ് വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തിയ ജോർജ്ജുമായി പൊലീസുകാർ ബലപ്രയോഗം നടത്തുന്നതിന്റെയാണ് പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങൾ.
പിന്നീട് വാഹനത്തിനു വെളിയിൽ ഓഫീസർ ഡെറെക് ചൗവീൻ കാൽമുട്ട് ജോർജിന്റെ കഴുത്തിലമർത്തി നിൽക്കുന്ന സമയത്ത് വഴിയാത്രക്കാരി എടുത്ത ചിത്രമാണ് ആദ്യം സമൂഹമാദ്ധ്യമങ്ങളിൽ വെെറലായത്. വൈകാതെ ബോധരഹിതനായ 46 വയസ്സുകാരനായ ജോർജ് ഫ്ളോയിഡ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു ആഫീസർ ജോർജിന്റെ അവസ്ഥയിൽ ആശങ്ക അറിയിച്ചെങ്കിലും ഡെറെക് അത് കാര്യമാക്കിയിരുന്നില്ല.
മൂന്നാംമുറ പ്രയോഗം നടത്തിയതിനും കൊലപാതകത്തിനും ഡെറെകിനെതിരെ കേസെടുത്തു. ശ്വാസം മുട്ടിച്ചതിനാലും ഹൃദയ സംബന്ധമായി ഉണ്ടായ അസുഖം മൂർച്ഛിച്ചതിനാലുമാണ് ജോർജ് ഫ്ളോയിഡ് മരിച്ചതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |