കൊവിഡ് ഭീഷണി കൂടുതൽ ശക്തമാകുന്നതിനിടയിലും നാനാരംഗങ്ങളിലും മുന്നോട്ടു പോകാനുള്ള നടപടികൾക്കാണ് രാജ്യം മുതിരുന്നത്. സംസ്ഥാനത്ത് ഇന്നലെ മുതൽ പുതിയ അദ്ധ്യയനവർഷം തുടങ്ങി. വിദ്യാലയങ്ങളിൽ എത്താതെ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വീടുകളിലിരുന്നുകൊണ്ട് പാഠഭാഗങ്ങൾ പഠിക്കാൻ കുട്ടികൾ നിർബന്ധിതരായിരിക്കുകയാണ്. ആശങ്കകളും പോരായ്മകളും ഏറെയുണ്ടെങ്കിലും പുതിയ കാൽവയ്പുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ തീരുമാനം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ രണ്ടുലക്ഷത്തിലേറെപ്പേർ ഇപ്പോഴും ഇ - ലേണിംഗ് സംവിധാനങ്ങൾക്കു പുറത്താണെന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. അവരെയും 'വല"യ്ക്കുള്ളിൽ കൊണ്ടുവരാനുള്ള നടപടികളുമായി അധികൃതർ തീവ്ര പരിശ്രമത്തിലാണ്. അത് എത്രയും വേഗം വിജയപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കാം. ഇ - ക്ളാസുകൾ വിജയപ്രദമാകാൻ അടിസ്ഥാന സൗകര്യങ്ങൾ പൂർണമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക ഇടങ്ങളിലും വൈദ്യുതി ഒളിച്ചുകളി തുടങ്ങും. മുറിഞ്ഞുപോകാതെ ക്ളാസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. വൈദ്യുതി തടസം ഒഴിവാക്കാൻ ജാഗ്രതയോടുകൂടിയ ഇടപെടലുകൾ ഉണ്ടാകണം.
കൊവിഡ് രൂക്ഷമായ നിലയിൽ തുടരുന്ന പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും നിയന്ത്രണങ്ങൾ മൂന്നു ഘട്ടങ്ങളായി പൂർണമായും പിൻവലിക്കാനാണ് തീരുമാനം. ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുകയാണ്. ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ആരംഭിച്ചുകഴിഞ്ഞു. സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം അടുത്ത മാസമേ പരിഗണിക്കുകയുള്ളൂ. പൊതു അഭിപ്രായം കൂടി പരിഗണിച്ചേ ഈ വിഷയത്തിൽ തീരുമാനമുണ്ടാകൂ. വിദേശത്തേക്കുള്ള വിമാന സർവീസുകൾ, മെട്രോ സർവീസ്, പൊതുയോഗങ്ങൾ തുടങ്ങിവയ്ക്കുള്ള നിയന്ത്രണം കുറച്ചുനാൾ കൂടി തുടരുമെന്നാണു സൂചന. മതപരമായ ചടങ്ങുകൾക്കുള്ള ആൾ നിയന്ത്രണവും തുടരും.
അറുപത്തേഴു ദിവസത്തെ അടച്ചിടൽ ഞായറാഴ്ച കൊണ്ട് അവസാനിച്ചെങ്കിലും കൊവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ കൂടുതൽ തീവ്രമാകുന്ന കാഴ്ചയാണ് പൊതുവേയുള്ളത്. ഞായറാഴ്ച വിവിധ സംസ്ഥാനങ്ങളിലായി 8380 പേർക്കാണു രോഗം ബാധിച്ചത്. ഈ തോതിലാണെങ്കിൽ രോഗികൾ രണ്ടുലക്ഷത്തിലെത്താൻ ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ കൂടിയേ വേണ്ടൂ. കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ നാലു സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ദീർഘിപ്പിച്ചത് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്ര, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോഴും തീവ്രമായ കൊവിഡ് പിടിയിലാണ്. പൊതു യാത്രാമാർഗങ്ങൾ കൂടുതൽ തുറക്കുന്നതോടെ രോഗവ്യാപനം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരുമോ എന്ന ഭയം വിദഗ്ദ്ധന്മാർ പ്രകടിപ്പിച്ചുകഴിഞ്ഞു. ട്രെയിനുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നിർബാധം സഞ്ചരിക്കാൻ തുടങ്ങിയാലുണ്ടാകാവുന്ന ആരോഗ്യ പ്രതിസന്ധി കണ്ണുതുറന്നു തന്നെ കാണേണ്ടിയിരിക്കുന്നു. അന്തർ സംസ്ഥാന യാത്രയ്ക്ക് ഇനി പാസ് വേണ്ടെന്ന് കേന്ദ്രം നിലപാട് എടുത്തപ്പോഴും കേരളവും തമിഴ്‌നാടും ഉൾപ്പെടെ പല സംസ്ഥാനങ്ങളും അതിനെ എതിർക്കുന്നത് ഈ അപകട സ്ഥിതി മുന്നിൽ കണ്ടാണ്. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാലും മുൻകരുതലുകളിൽ ഒരുവിധ വീഴ്ചയും വരാൻ പാടില്ല. ചങ്ങലകളില്ലാത്ത സ്വാതന്ത്ര്യത്തിനു ഇനിയും സമയമായിട്ടില്ലെന്ന ഓർമ്മ വേണം.
കുടിയേറ്റ തൊഴിലാളികളുടെ രാജ്യത്തുടനീളമുള്ള സഞ്ചാരം സൃഷ്ടിക്കുന്ന ആരോഗ്യ ഭീഷണി നേരിടാൻ സംസ്ഥാനങ്ങൾ പരാജയപ്പെടുന്നതായാണ് കാണുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ ഇവർക്കാവശ്യമായ യാത്രാമാർഗങ്ങൾ ഒരുക്കിയിരുന്നുവെങ്കിൽ രോഗവ്യാപനം ഇപ്പോഴത്തേതുപോലെ തീവ്ര തോതിലാകുമായിരുന്നില്ല എന്ന പൊതുജനാരോഗ്യ വിദഗ്ദ്ധന്മാരുടെ അഭിപ്രായം ശ്രദ്ധേയമാണ്. മാർച്ച് 24- ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ വളരെക്കുറച്ച് രോഗികളേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ. രോഗം സർവ വ്യാപിയായ ശേഷമാണ് തൊഴിലാളികൾക്ക് യാത്രാമാർഗം തുറന്നുകിട്ടിയത്. അതിനകം അനവധി പേർ രോഗികളോ രോഗവാഹകരോ ആയിക്കഴിഞ്ഞിരുന്നു. മുക്കിലും മൂലയിലും വരെ രോഗം പടർന്നെത്താൻ കാരണവും ഇതാണ്.
ഒരാഴ്ച കഴിയുമ്പോൾ രാജ്യം പൂർണമായും തുറക്കുന്നതോടെ സ്ഥിതി കൂടുതൽ അപകടാവസ്ഥയിലേക്കു വഴുതിപ്പോകാതിരിക്കാൻ അങ്ങേയറ്റം കരുതലും ജാഗ്രതയും പാലിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾ വിചാരിച്ചാലേ അതു സാദ്ധ്യമാകൂ എന്നു പ്രത്യേകം പറയേണ്ടതില്ല. ഇതിനൊപ്പം യാത്ര വഴിയുള്ള രോഗവ്യാപനം തടയാനാവശ്യമായ എല്ലാ മുൻകരുതലുകളുമെടുക്കാൻ സർക്കാർ സംവിധാനങ്ങളും ജാഗ്രത കാട്ടണം. വിമാന സർവീസ് പുനരാരംഭിച്ച ആദ്യ നാളുകളിൽ യാത്രക്കാരുടെ സംഖ്യ നിയന്ത്രിച്ചിരുന്നു. ഇരിപ്പിട ശേഷിയുടെ മൂന്നിലൊരു ഭാഗം ഒഴിച്ചിട്ട ശേഷമാണു ടിക്കറ്റ് നൽകിയിരുന്നത്. ഇപ്പോൾ ആ നിയന്ത്രണം ഉപേക്ഷിച്ചത് കൂടുതൽ യാത്രക്കാരെ കയറ്റി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടിയാണ്. അതുപോലെ തന്നെ ട്രെയിനുകളിലും സീറ്റ് നിയന്ത്രണം ഉപേക്ഷിച്ച മട്ടാണിപ്പോൾ. ജനങ്ങളെ കുരുതി കൊടുക്കുന്നതിനു തുല്യമായ പ്രവൃത്തിയാണിതൊക്കെ. രാജ്യം നേരിടുന്ന ഭയാനകമായ ആരോഗ്യ പ്രതിസന്ധിയിൽ സ്വീകരിക്കേണ്ട സമീപനമല്ല ഇതൊക്കെ. കൊവിഡ് ഭീഷണിക്കെതിരെ ഇതുവരെയുള്ളതിനെക്കാൾ കൂടുതൽ കരുതലോടും ജാഗ്രതയോടും കൂടി ഇരിക്കണമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്തത്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കും അധികാരം നൽകുമെന്ന പുതിയ കേന്ദ്ര നിലപാട് സ്വാഗതാർഹമാണ്. സംസ്ഥാനങ്ങളിലെ സ്ഥിതി അടുത്തറിയാവുന്നത് സംസ്ഥാന സർക്കാരിനായതിനാൽ തീരുമാനം അവയ്ക്കു വിടുന്നതു തന്നെയാണു ഉചിതം. കൊവിഡ് പരിശോധന വർദ്ധിപ്പിക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രോഗികൾ രണ്ടുലക്ഷത്തിലേക്കു കുതിക്കുമ്പോഴും പരിശോധനകൾ വേണ്ട തോതിലേക്ക് ഉയർത്താനാവില്ലെന്നത് ഏറ്റവും വലിയ പോരായ്മയായി ശേഷിക്കുകയാണ്. ഈ കുറവ് പരിഹരിക്കാനുള്ള അടിയന്തര നടപടിയാണ് ഇപ്പോൾ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |