ന്യൂഡൽഹി: രാജ്യത്തെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളർച്ച നിരക്ക് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജൂൺ എട്ട് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ വരും. വൈറസിനെ നേരിടാൻ കടുത്ത നടപടികൾ വേണ്ടി വരും. ജീവൻ രക്ഷിക്കലാണ് പരമപ്രധാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കലും പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വയംപര്യാപ്തത കൈവരിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജമാണ്. ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുന്നു. രാജ്യത്തെ വ്യാവസായിക രംഗത്ത് പൂർണവിശ്വാസമുണ്ട്. ജീവനോടൊപ്പം തന്നെ സമ്പദ്‌വ്യവസ്ഥയേയും രക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താനാണ് മുൻഗണന നൽകുന്നതെന്നും പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കഴിവിൽ വിശ്വാസമുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ കാലതാമസമുണ്ടായില്ല. കൃത്യ സമയത്താണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. തൊഴിൽ മേഖല ശക്തിപ്പെടുത്തുമെന്നും സ്വകാര്യ പങ്കാളിത്തം രാജ്യത്ത് ശക്തിപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.
നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയം, ദൃഢനിശ്ചയം എന്നിവയാണ് ഇന്ത്യയുടെ അടിത്തറ. ലോകം ഇപ്പോൾ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലാണ് ലോകം ഇന്ന് വിശ്വസിക്കുന്നത്. രാജ്യം ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്ന പാതയിലാണ്. ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യ കൂടുതൽ ശക്തിപ്പെടും. ചെറുകിട-സൂക്ഷ്മ മേഖലയുടെ ഉണർവിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും അദേഹം സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |