കൊല്ലം: സംസ്ഥാന വിനോദ സഞ്ചാര, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ വ്യത്യസ്ത ഉത്തരവുകളിൽ കുടുങ്ങി പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഫീസാനുകൂല്യം നഷ്ടമായി.
വിനോദ സഞ്ചാര വകുപ്പിന് കീഴിലെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽസ് സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്ന സ്വാശ്രയ എം.ബി.എ, ബി.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിലെ ഈഴവരടക്കമുള്ള വിദ്യാർത്ഥികൾക്കാണ് ഈ ദുര്യോഗം.
പട്ടികജാതി - വർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒ.ബി.സി) പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം നൽകാമെന്ന് വിനോദ സഞ്ചാരവകുപ്പാണ് നേരത്തേ ഉത്തരവിറക്കിയത്. ആനുകൂല്യം നൽകിയത് പിന്നാക്ക വിഭാഗ വികസന വകുപ്പാണ്. 53 വിദ്യാർത്ഥികളുള്ള ബാച്ചിലെ 20 വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ച് 28ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഒ.ബി.സി വിഭാഗം അനർഹരെന്ന് പറഞ്ഞ് ഫീസാനുകൂല്യം നിറുത്തലാക്കി. വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവിലെ ഒ.ബി.സി എന്നത് തെറ്റായി രേഖപ്പെടുത്തിയതാണെന്നും, ഒ.ഇ.സി (അദർ എലിജിബിൾ കമ്മ്യൂണിറ്റി) വിഭാഗക്കാരാണ് അർഹരെന്നുമാണ് പുതിയ ഉത്തരവിൽ പറയുന്നത്. 2018- 2020 ബാച്ചിലെ ഒ.ബി.സി വിദ്യാർത്ഥികൾക്ക് ആദ്യവർഷം ആനുകൂല്യം ലഭിച്ചിരുന്നു.
ഒ.ബി.സിക്കാർക്ക്
നൽകേണ്ടെന്ന്
വിഷയം വിവാദമായതോടെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലനും ഇരു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും, ഒ.ബി.സി വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകേണ്ടെന്നാണ് തീരുമാനം.
ഒ.ബി.സി ഫീസാനുകൂല്യം
ഒരു സെമസ്റ്റർ: 45,000 രൂപ
( പ്രതിമാസ സ്റ്റൈപ്പൻഡും)
കോഴ്സ് സെമസ്റ്റർ: 4
തുടങ്ങിയത്: 2010ൽ
''ഒ.ഇ.സി വിദ്യാർത്ഥികൾക്കാണ് ഫീസാനുകൂല്യത്തിന് അർഹത. മന്ത്രിതല ചർച്ചയിൽ തീരുമാനിച്ചതാണിത്''.
-പി.ഐ. ശ്രീവിദ്യ, ഡയറക്ടർ,
പിന്നാക്ക വിഭാഗ വികസനം
''ടൂറിസം വകുപ്പ് നേരത്തേ ഉത്തരവിറക്കിയെങ്കിലും ഫണ്ട് നൽകേണ്ടതും മാനദണ്ഡം നിശ്ചയിക്കേണ്ടതും പട്ടികജാതി ക്ഷേമ വകുപ്പാണ്'.
-ശ്രീകുമാർ, ടൂറിസംമന്ത്രിയുടെ
പ്രൈവറ്റ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |