കൊവിഡിന്റെ തീവ്രത കുറഞ്ഞതോടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ്. വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ തുറന്നു. മിക്ക രാജ്യങ്ങളിലും സ്കൂളുകൾ വീണ്ടും തുറന്നു. റെസ്റ്റോറന്റ്, ബാർ, ഹെയർ സലൂൺ തുടങ്ങിയവയും വീണ്ടും സജീവമായി. എന്നാൽ ഇവിടെയെല്ലാം കർശന നിയന്ത്രണങ്ങളും സാമൂഹ്യ അകലവും നിർബന്ധമാണ്. അതുപോലെ തന്നെ എല്ലായിടത്തും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണവും പകുതി മാത്രമാണ്. ലോക്ക്ഡൗണിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ പറ്റി. ( കൊവിഡ് കണക്കുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ളത്)
ജർമനി
ജർമനിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവുകൾ നൽകി വരികയാണ്. നിയന്ത്രണങ്ങൾ ഇപ്പോൾ ജർമനിയിലെ അതത് ഫെഡറൽ സ്റ്റേറ്റുകൾക്ക് തീരുമാനിക്കാം. അതേ സമയം, ഏതെങ്കിലും പ്രദേശത്ത് രോഗവ്യാപനം ഗുരുതരമായാൽ അവിടെ എപ്പോൾ വേണമെങ്കിലും അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അറിയിച്ചിട്ടുണ്ട്. മേയ് 16 മുതൽ ജർമനിയിൽ ബുണ്ടസ്‌ലിഗ ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മത്സരം പുനരാരംഭിക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഏറ്റവും വലിയ ലീഗാണ് ബുണ്ടസ്‌ലിഗ. എല്ലാ തരത്തിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. സാമൂഹ്യ അകലവും സുരക്ഷാ മാർഗങ്ങളും കർശനം. കൊച്ചു കുട്ടികളുടെ ക്ലാസുകളും പരീക്ഷകളും ആരംഭിച്ചിട്ടുണ്ട്. സ്കൂളുകൾ ഭാഗികമായി തുറന്നു. ഓസ്ട്രിയ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് മേയ് 15ന് ഇളവുകൾ നൽകിയിരുന്നു. ജൂൺ 15ന് ഇത് പൂർണമായി നീക്കും. ഫെസ്റ്റിവൽ അടക്കമുള്ള പരിപാടികൾക്ക് ഓഗസ്റ്റ് അവസാനം വരെ നിരോധനം. സാമൂഹ്യ അകലം പാലിക്കുന്നത് സംബന്ധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും ജൂൺ 29 വരെ തുടരും.
രോഗികൾ - 184,091
മരണം - 8,674
ഇറ്റലി
മാർച്ച് 7 മുതലാണ് ഇറ്റലിയിൽ ലോക്ക്ഡൗൺ നിലവിൽ വന്നത്. ആദ്യം വടക്കൻ മേഖലകളിലും പിന്നെ രാജ്യവ്യാപകമായും ലോക്ക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. വീടിന് 200 മീറ്റർ ചുറ്റളവിനപ്പുറം നടക്കാനും വ്യായാമം ചെയ്യാനും അനുവാദമില്ലായിരുന്നു. മേയ് മാസത്തിൽ ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി. ആളുകൾക്ക് ഇപ്പോൾ ബന്ധു വീടുകൾ സന്ദർശിക്കാം. രണ്ട് പ്രവിശ്യകൾക്കുള്ളിൽ സഞ്ചരിക്കുന്നതിന് വിലക്കില്ല. ബാറുകളും റെസ്റ്റോറന്റുകളും ഉൾക്കൊള്ളാവുന്ന കസ്റ്റമേഴ്സിന്റെ ശേഷി കുറച്ച് പ്രവർത്തിക്കുന്നു. ഹെയർ സലൂൺ, വ്യാപാര സ്ഥാപനങ്ങൾ, മ്യൂസിയം, ലൈബ്രറി എന്നിവിടങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കുന്നു. സ്പോർട്സ് സംഘങ്ങൾക്ക് പരിശീലനം പുനരാരംഭിക്കാം. കാത്തലിക് ചർച്ചുകളിൽ കുർബാനകൾ പുനരാരംഭിച്ചു. ഫേസ് മാസ്കും, സാമൂഹ്യ അകലവും നിർബന്ധം. ശവസംസ്കാര ചടങ്ങുകൾക്ക് 15 പേർക്ക് പങ്കെടുക്കാം. സെപ്റ്റംബർ വരെ സ്കൂളുകൾ അടഞ്ഞു കിടക്കും. കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച ലൊംബാർഡി ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലൊഴികെ ജിം, സ്വിമ്മിംഗ് പൂൾ എന്നിവ തുറന്നു. പിസയിലെ ചരിഞ്ഞ ഗോപുരം ഉൾപ്പെടെയുള്ള ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സീരീസ് എ ഫുട്ബോൾ ജൂൺ 20 മുതൽ തുടങ്ങും.
രോഗികൾ - 233,515
മരണം - 33,530
ഫ്രാൻസ്
മാർച്ച് 17നാണ് ഫ്രാൻസിൽ കർശന ലോക്ക്ഡൗൺ നിലവിൽ വന്നത്. അവശ്യ യാത്ര ചെയ്യണമെങ്കിൽ അധികൃതരിൽ നിന്നും അനുവാദം വാങ്ങണമായിരുന്നു. മേയ് 11ന് ഒന്നാം ഘട്ട ലോക്ക്ഡൗൺ ഇളവുകളും ജൂൺ 2ന് രണ്ടാം ഘട്ട ഇളവുകളും പ്രഖ്യാപിച്ചു. രാജ്യത്തെ മിക്ക പ്രദേശങ്ങളും ഗ്രീൻ സോണിലേക്ക് മാറി. പാരീസ് നഗരം റെഡിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറിയിട്ടുണ്ട്. ഗ്രീൻ സോണിൽ ബാർ, റെസ്റ്റോറന്റ് എന്നിവയ്ക്ക് തുറക്കാം. ഓറഞ്ച് സോണിൽ ഔട്ട്ഡോർ സംവിധാനത്തിൽ പ്രവർത്തിക്കാം. പാരീസിലെ പാർക്കുകളും ഗാർഡനുകളും തുറന്നു. പ്രൈമറി സ്കൂളുകൾ, നഴ്സറികൾ എന്നിവ മേയ് 11 ന്ശേഷം തുറന്നിരുന്നു. 11 മുതൽ 15 വയസുവരെയുള്ള കുട്ടികളുടെ സ്കൂളുകൾ ഗ്രീൻസോണിൽ മേയ് 18 മുതൽ തുറന്നു. ക്ലാസ് മുറിയിൽ 15 കുട്ടികൾ മാത്രം. മാസ്ക് നിർബന്ധം. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ ക്ലാസുകൾ കഴിഞ്ഞ ദിവസം ഗ്രീൻ സോണുകളിൽ ആരംഭിച്ചു. 10 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല. വൃദ്ധർക്ക് പുറത്തിറങ്ങാം. എന്നാൽ സ്വയം സുരക്ഷ ഉറപ്പാക്കണം. നിയന്ത്രണങ്ങളോടെ ബീച്ചുകൾ തുറന്നു. ജൂൺ 22ന് സിനിമാ തിയേറ്ററുകൾ തുറക്കും.
രോഗികൾ - 151,325
മരണം - 28,940
ബാൾട്ടിക് രാജ്യങ്ങൾ
യൂറോപ്പിൽ ആദ്യമായി സ്വതന്ത്ര സഞ്ചാരത്തിന് അനുമതി നൽകിയ ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നിവയാണ്. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിലേക്കും മാത്രം പരസ്പരം സഞ്ചാരമാണ് അനുവദനീയം. മേയ് 15 മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വന്നത്. എന്നാൽ ഇങ്ങനെ യാത്ര ചെയ്യുന്നവർ മേയ് 15ന് മുമ്പുള്ള രണ്ട് ആഴ്ചകൾക്ക് മുമ്പ് രാജ്യത്തിന് പുറത്തുപോയവരോ കൊവിഡ് ബാധിതരായി സമ്പർക്കം പുലർത്താത്തവരോ ആകരുത്. ബാൾട്ടിക് രാജ്യങ്ങളിൽ നിന്നും അതത് രാജ്യത്ത് തിരികെയെത്തുന്ന പൗരൻമാർ 14 ദിവസം സ്വയം ക്വാറന്റൈനിൽ കഴിയണം. ജർമനി, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ആവശ്യമെങ്കിൽ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ജൂൺ 1 മുതൽ ഇളവുകൾ നൽകുമെന്ന് എസ്റ്റോണിയ അറിയിച്ചു.
രോഗികൾ - 1,684 ( ലിത്വാനിയ ), 1,079 ( ലാത്വിയ ), 1,880 ( എസ്റ്റോണിയ )
മരണം - 71 ( ലിത്വാനിയ ), 24 ( ലാത്വിയ ), 69 ( എസ്റ്റോണിയ )
അയർലൻഡ്
യു.കെയെക്കാൾ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ രാജ്യമാണ് അയർലൻഡ്. വീടിന് 2 കിലോമീറ്റർ ചുറ്റളവിനപ്പുറം വ്യായാമത്തിനും നടക്കാനുമൊക്കെ അനുവാദം നൽകിയിരുന്നില്ല. മേയ് 18 ന് രാജ്യത്ത് ഒരു ഫൈവ് സ്റ്റേജ് റോഡ്മാപ്പ് പുറത്തുവിട്ടു. ഇതനുസരിച്ച് ഓരോ മൂന്ന് ആഴ്ച കൂടുമ്പോഴും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കും. സ്കൂളുകൾ സെപ്റ്റംബർ വരെ അടഞ്ഞ് കിടക്കും. കൺസ്ട്രക്ഷൻ, തോട്ടം മേഖല തുടങ്ങിയവയിലെ തൊഴിലാളികൾക്ക് ജോലിയ്ക്ക് പോകാം. വീടിന് 5 കിലോമീറ്റർ പരിധിയിൽ പരമാവധി 4 പേർ അടങ്ങുന്ന സംഘമായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ പോകാം. രാജ്യത്തിന് പുറത്ത് നിന്നും എത്തുന്നവർ 14 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം. ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ നോക്കുന്നതിനുള്ള ഒരു വിഭാഗം നഴ്സറികൾ ജൂൺ 29 മുതൽ തുറക്കും. ജൂലായ് 20 മുതൽ ഇവ പൂർണമായും തുറക്കും. ജൂൺ 29 മുതൽ വീടിന് 20 കിലോമീറ്റർ ചുറ്റളവിൽ യാത്ര ചെയ്യാം. അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് കല്യാണം, മാമോദിസ തുടങ്ങിയ ചടങ്ങുകൾ ജൂലായ് 20 മുതൽ നടത്താം. അവശ്യവസ്തുക്കളല്ലാത്തവ വില്ക്കുന്ന കടകൾ ജൂൺ 8 മുതൽ തുറക്കാം. ജൂൺ 8 മുതൽ അയലർലൻഡിൽ നിന്നും യു.കെയിലെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ബാധകമല്ല.
രോഗികൾ - 25,066
മരണം - 1,658
ബെൽജിയം
ബെൽജിയത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കെയർഹോമുകളിലാണ്. 12 വയസിന് മേൽ പ്രായമുള്ളവർ പുറത്തിറങ്ങുമ്പോൾ കർശനമായി മാസ്ക് ധരിക്കണം. തുണിക്കടകൾ മേയ് 4നും മറ്റുള്ളവ മേയ് 11നും തുറന്നു. നിബന്ധനകൾ ബാധകം. ഒരു ക്ലാസ് മുറിയിൽ 10 കുട്ടികളെന്ന നിരക്കിൽ മേയ് 18 മുതൽ സ്കൂളുകൾ പ്രവർത്തനം തുടങ്ങി. മാർക്കറ്റ്, മൃഗശാല, മ്യൂസിയം, ഹെയർ സലൂൺ, ബ്യൂട്ടി പാർലർ എന്നിവ മേയ് 18 മുതൽ തുറന്നു. കഫേകളും റെസ്റ്റോറന്റുകളും ജൂൺ 8ന് തുറക്കും. കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയക്ക് ജൂൺ 30 വരെ നിരോധനം.
രോഗികൾ - 58,685
മരണം - 9,522
നെതർലൻഡ്സ്
ബെൽജിയത്തെ അപേക്ഷിച്ച് താരതമ്യേന നിയന്ത്രണങ്ങൾ കുറഞ്ഞ ലോക്ക്ഡൗണായിരുന്നു നെതർലൻഡ്സിന്റേത്. മേയ് 11 മുതൽ രാജ്യത്ത് അഞ്ച് ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കാനാണ് പ്രധാനമന്ത്രി മാർക്ക് റൂട്ട് തീരുമാനിച്ചിരിക്കുന്നത്. ലൈബ്രറി, ഹെയർ സലൂൺ തുടങ്ങിയവ തുറന്നു. ബാർ, റെസ്റ്റോറന്റ്, സിനിമാ തിയേറ്ററുകൾ, കൺസേർട്ട് ഹാൾ തുടങ്ങിയവയ്ക്ക് പരമാവധി 100 പേരെ മാത്രം പ്രവേശിപ്പിച്ച് കൊണ്ട് പ്രവർത്തിക്കാം. 13 വയസിന് മകളിലുള്ളവർക്ക് മാസ്ക് നിർബന്ധം. സെക്കന്ററി സ്കൂൾ കുട്ടികൾക്ക് ക്ലാസ് കഴിഞ്ഞ ദിവസം മുതൽ തുടങ്ങി. സ്പോർട്സ്, ഫെസ്റ്റിവലുകൾ തുടങ്ങിയവ സെപ്റ്റംബർ മുതൽ ആരംഭിക്കും.
രോഗികൾ - 46,647
മരണം - 5,967
ഓസ്ട്രിയ
യൂറോപ്പിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകുന്ന ആദ്യ രാജ്യം. ഏപ്രിൽ പകുതിയോടെ തന്നെ ചെറിയ കടകളും മറ്റും തുറന്നെങ്കിലും രോഗവ്യാപന തോത് ഉയർന്നില്ല. ഷോപ്പിംഗ് സെന്റർ, ഹെയർ സലൂൺ എന്നിവ മേയ് മുതലും പാർക്കുകൾ, ഗാർഡനുകൾ എന്നിവ ഏപ്രിൽ 14 മുതലും പ്രവർത്തനം ആരംഭിച്ചു. ടെന്നീസ്, ഗോൾഫ്, അത്‌ലറ്റിക്സ് എന്നിവ അനുവദിക്കും. 10 പേർക്ക് ഒത്തുകൂടാം. കല്യാണ ചടങ്ങുകളിൽ 100 പേർക്ക് പങ്കെടുക്കാം. അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങി. റെസ്റ്റോറന്റ്, കഫേ, ജിം, ഹോട്ടൽ തുടങ്ങിയവ പ്രവർത്തിക്കുന്നു.
രോഗികൾ - 16,759
മരണം - 669
ഡെൻമാർക്ക്
യൂറോപ്പിൽ ആദ്യം തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്ന്. ഏപ്രിൽ പകുതി മുതൽ ഇളവുകൾ നൽകി. ഡേ കെയറുകൾ, പ്രൈമറി സ്കൂളുകൾ എന്നിവ ഏപ്രിൽ 14ന് തുറന്നു. 12 മുതൽ 16 വയസു വരെയുള്ള കുട്ടികളുടെ ക്ലാസുകളും പരീക്ഷകളും മേയ് 18ന് തുടങ്ങി. അടച്ചിട്ട സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾക്ക് അനുമതി. മേയ് 28 മുതൽ സൂപ്പർ ലിഗ ഫുട്ബോൾ ആരംഭിച്ചു. ഷോപ്പിംഗ് മാളുകൾ, കഫേ, റെസ്റ്റോറന്റുകൾ, ഹെയർ സലൂൺ, തിയേറ്ററുകൾ, മ്യൂസിയം, ആർട്ട് ഗാലറി എന്നിവ തുറന്നു. അതിർത്തികൾ അടഞ്ഞു തന്നെ. ജൂൺ 15 മുതൽ നോർവെ, ഐസ്‌ലൻഡ്, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ അനുവദിക്കും. ജിം, സ്വിമ്മിംഗ് പൂൾ, നൈറ്റ് ക്ലബ് തുടങ്ങിയവ ഓഗസ്റ്റ് മുതൽ തുറക്കും.
രോഗികൾ -11,734
മരണം -580
സ്പെയിൻ
മേയ് 4 മുതൽ നാല് ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തീരുമാനിച്ചു. ജൂൺ 1 മുതൽ 70 ശതമാനം സ്പാനിഷ് മേഖലകളും രണ്ടാം ഘട്ട ഇളവുകൾക്ക് അർഹരായെങ്കിലും മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ മേഖലകൾ കുടുത്ത നിയന്ത്രണത്തിൽ തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ജൂൺ 21ന് പിൻവലിക്കും. ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവും. ബിൽബാവോസ് ഗുഗെൻഹെയ്ം ഉൾപ്പെടെയുള്ള ചില മ്യൂസിയങ്ങൾ തുറന്നു. ആറ് വയസിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം. എക്സാമുകൾക്കും മറ്റുമായി സ്കൂളുകൾ ഭാഗികമായി തുറന്നു. സെപ്റ്റംബറോടെ പൂർണമായി തുറക്കാനാണ് തീരുമാനം. 50 ശതമാനം കസ്റ്റമേഴ്സിനെ അനുവദിച്ച് കൊണ്ട് ഔട്ട്ഡോർ ബാർ, റെസ്റ്റോറന്റ് എന്നിവ പ്രവർത്തിക്കുന്നു. തിയേറ്ററുകൾ തുറന്നു. 30 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. ജൂൺ 11 മുതൽ ലാലിഗ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിക്കും.
രോഗികൾ - 287,012
മരണം - 27,127
സ്വിറ്റ്സർലൻഡ്
എട്ട് ആഴ്ച നീണ്ടു നിന്ന ലോക്ക്ഡൗണിൽ ഏപ്രിൽ 27 മുതൽ ഇളവുകൾ നൽകാൻ തുടങ്ങി. ഗാർഡൻ സെന്റർ, ഹെയർ സലൂൺ, ബ്യൂട്ടി സലൂൺ, എന്നിവ ഏപ്രിൽ 27ന് തുറന്നു. സ്കൂൾ, ലൈബ്രറികൾ, മ്യൂസിയം, റെസ്റ്റോറന്റ്, ബാർ തുടങ്ങിയവ മേയ് 11ന് തുറന്നു. 30 പേർക്ക് ഒത്തുകൂടാം. സമ്മർ ക്യാമ്പുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ ജൂൺ 6 മുതൽ തുടങ്ങും. 300 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതു പരിപാടികളും നിയന്ത്രണങ്ങളോടെ അനുവദിക്കും.
രോഗികൾ - 30,893
മരണം - 1,920
പോർച്ചുഗൽ
തെക്കൻ യൂറോപ്പിൽ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞ രാജ്യം. 15 ദിവസം കൂടുമ്പോൾ ഇളവുകൾ നടപ്പാക്കുന്നു. ഹെയർ സലൂൺ, റെസ്റ്റോറന്റ്, മ്യൂസിയം, കഫേ, ഒരു വിഭാഗം സെക്കന്ററി സ്കൂൾ ക്ലാസുകൾ എന്നിവ മേയിൽ പ്രവർത്തനം ആരംഭിച്ചു. ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ എന്നിവ ഈ മാസം തന്നെ തുറക്കും.
രോഗികൾ - 32,895
മരണം - 1,436
ഗ്രീസ്
ഫെബ്രുവരി 26ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഗ്രീസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രിൽ 28 മുതൽ ഇളവുകൾ. പള്ളികൾ തുറന്നു. മേയ് 11 മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്കും ജൂൺ 1 മുതൽ പ്രൈമറി - കിന്റർഗാർട്ടൻ ക്ലാസുകളും ആരംഭിച്ചു. എല്ലാ കടകളും തുറക്കാം. ബീച്ചുകൾ മേയ് 4ന് തുറന്നു. ജൂൺ 15 മുതൽ ടൂറിസം സീസൺ ആരംഭിക്കും. ജൂലായ് 1 മുതൽ വിദേശത്ത് നിന്നും എത്തുന്നവർക്കുള്ള രണ്ടാഴ്ചത്തെ ക്വാറന്റൈൻ അസാധുവാക്കും. ചരിത്ര സമാരകങ്ങളും മറ്റും തുറന്നു.
രോഗികൾ - 2,937
മരണം -179
റഷ്യ
തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും തടയാൻ മേയ് 12 മുതൽ എല്ലാവർക്കും ജോലിയ്ക്ക് പോയി തുടങ്ങാമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. കൂടാതെ നിയന്ത്രണങ്ങൾ അതത് മേഖലകളിലെ മേയർമാർക്ക് തീരുമാനിക്കാമെന്നും പുടിൻ പ്രഖ്യാപിച്ചു. നിലവിൽ കൊവിഡ് അതിതീവ്രമായി തുടരുന്ന യൂറോപ്യ രാജ്യം റഷ്യയാണ്. വ്യാവസായി, നിർമാണ മേഖലകളുടെ പ്രവർത്തനം ആരംഭിച്ചെങ്കിലും പൊതു പരിപാടികൾക്ക് അനുവാദമില്ല. ജൂൺ 1 വരെ മോസ്കോ നഗരം കടുത്ത നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ കൂടുതൽ കടകളും ചെറിയ പാർക്കുകളും തുറന്നിട്ടുണ്ട്. ആളുകൾക്ക് പുറത്ത് നടക്കാനും വ്യായാമം ചെയ്യാനും അനുവാദം നൽകി. മോസ്കോയിൽ കടകളിലും പൊതുഗതാഗത മേഖലകളിലും ഗ്ലൗസും മാസ്കും നിർബന്ധം. സ്കൂളുകൾ അടഞ്ഞു കിടക്കുന്നു. കൂടുതൽ പേരും വർക്ക് ഫ്രം ഹോമിലാണ് ജോലി ചെയ്യുന്നത്.
രോഗികൾ -432,277
മരണം - 5,215
പോളണ്ട്
പടിഞ്ഞാറൻ യൂറോപ്പിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ രാജ്യം. തെക്ക് സൈലേഷ്യൻ മേഖലയിലും ഖനി തൊഴിലാളികളിലുമാണ് രോഗം വ്യാപകമായി കണ്ടെത്തിയത്. ഏപ്രിൽ 20ന് പാർക്ക്, ഫോറസ്റ്റ് ടൂറിസം തുടങ്ങിയവ തുറന്നു കൊണ്ട് ഇളവുകൾ പ്രാബല്യത്തിൽ വരുത്തി. ഹോട്ടൽ, ഷോപ്പിംഗ് സെന്റർ, മ്യൂസിയം, ആർട്ട് ഗാലറി, റെസ്റ്റോറന്റ്, ബ്യൂട്ടി സലൂൺ തുടങ്ങിയവ മേയ് മുതൽ തുറന്നു. വാക്സിൻ ലഭ്യമാകുന്നത് വരെ മാസ്ക് നിർബന്ധം. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ, അവസാന വർഷ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് തുടങ്ങി. എക്സ്ട്രാക്ലാസ ഫുട്ബോൾ മേയ് 29 മുതൽ ആരംഭിച്ചു. ജൂൺ 19 മുതൽ 25 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാം.
രോഗികൾ - 24,545
മരണം - 1,102
സ്വീഡൻ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരം സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും ജനങ്ങൾ തയാറായി. റെസ്റ്റോറന്റ്, ബാർ, സ്കൂൾ തുടങ്ങിയവ തുറന്ന് തന്നെ. 50 പേരിൽ കൂടുതൽ ഒത്തു ചേരാൻ പാടില്ല. ജൂൺ 15 മുതൽ ഡെൻമാർക്കും നോർവെയും തങ്ങളുടെ അതിർത്തികൾ തുറക്കാൻ തീരുമാനിച്ചെങ്കിലും സ്വീഡനുമായുള്ള അതിർത്തി തുറക്കാൻ തീരുമാനിച്ചിട്ടില്ല.
രോഗികൾ - 38,589
മരണം - 4,468
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |