തിരുവനന്തപുരം: പമ്പ നദിയിൽ നിന്ന് മണലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയ വനംവകുപ്പിന്റെ നടപടിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഡി.എം ആക്‌ട് (ഡിസാസ്‌റ്റർ മാനേജ്മെന്റ് ആക്‌ട്) ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഒരു വനം വകുപ്പിനും അത് നിറുത്താൻ പറ്റില്ലെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
'മണൽ ആർക്കും സ്വകാര്യമായിട്ട് വിൽക്കാൻ പറ്റില്ല. ഇത് നമ്മുടെ നാട്ടിൽ ഒരു ഗുരുതരമായ പ്രശ്‌നമാണ്. നമ്മുടെ നദികളിൽ എക്കൽ അടിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ നീരൊഴുക്ക് തന്നെ തടയപ്പെടുന്ന അവസ്ഥ വന്നിട്ടുണ്ട്. ആ എക്കൽ നീക്കം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അതിനായി അതാത് ജില്ലകളിലെ കളക്‌ടർമാർ നടപടി സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. ഡിസാസ്‌റ്റർ മാനേജ്മെന്റ് ആക്‌ട് ആനുസരിച്ചുള്ള നടപടികളിലേക്കാണ് കടക്കേണ്ടത്. പ്രധാനപ്പെട്ട നദിയായ പമ്പയിലെ എക്കൽ നീക്കാനുള്ള നടപടികളിൽ വലിയ താമസം വന്നു. അത് പരിശേധിക്കാനാണ് അന്നുള്ള ചീഫ് സെക്രട്ടറിയും, നിയുക്ത ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ആ സ്ഥലം സന്ദർശിച്ചത്. നടപടികൾ ത്വരിതപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു അത്.
വിവാദം ഏതുകാര്യത്തിലും ഉയർന്നു വരുമല്ലോ? എക്കൽ നീക്കം ചെയ്യുന്ന കാര്യങ്ങൾ നടപ്പാക്കാൻ ഡി.എം ആക്‌ട് അനുസരിച്ച് അതാത് കളക്‌ടർക്ക് പൂർണമായ അധികാരമുണ്ട്. ആ നടപടികൾ കളക്ടർ തുടരുക തന്നെ ചെയ്യും. അതാർക്കും തടസപ്പെടുത്താൻ കഴിയില്ല. മണലെടുപ്പ് വനം വകുപ്പ് ഇടപെട്ടൊന്നും നിറുത്താൻ പറ്റില്ല. ഇത് ഡി.എം ആക്‌ട് അനുസരിച്ചുള്ളതാണ്. ഡി.എം ആക്‌ട് പ്രയോഗിച്ചാൽ ഒരു വനം വകുപ്പിനും അതിൽ ഇടപെടാൻ കഴിയില്ല. ആ പ്രവർത്തനങ്ങൾ നടക്കുക തന്നെ ചെയ്യും.
ചിലർക്ക് ചില തെറ്റിദ്ധാരണ വന്നിട്ടുണ്ടാകും. വനത്തിനകത്തുകൂടെ പോകുന്നതിനെല്ലാം അവകാശം വനംവകുപ്പിനാണെന്ന്. പക്ഷേ ഡി.എം ആക്‌ട് അനുസരിച്ച് നടപടികൾ സ്വീകരിച്ചാൽ അതിനെ തടസപ്പെടുത്താൻ ആർക്കും അധികാരമില്ല'-വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പമ്പ നദിയിൽ നിന്ന് മണലെടുത്ത് പുത്തേക്ക് കൊണ്ടുപോകുന്നത് വിവാദമായതോടെയാണ് വിലക്കേർപ്പെടുത്തി വനംവകുപ്പ് ഉത്തരവിറക്കിയത്. പ്രളയപ്രതിരോധത്തിനുള്ള മണൽനീക്കവുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വനം വകുപ്പ് സെക്രട്ടറിയുടെ നടപടി. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ആഭിപ്രായവ്യത്യാസം പുറത്തായതോടെ മണലെടുപ്പിൽ നിന്ന് പിൻമാറുന്നതായി കരാറെടുത്ത പൊതുമേഖലാ സ്ഥാപനവും അറിയിച്ചു.
വിരമിക്കുന്നതിന് തൊട്ടുമുൻപ് മുൻചീഫ് സെക്രട്ടറി ടോം ജോസും പുതിയ ചിഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡി.ജി.പിയുമെല്ലാം ചേർന്ന് ഹെലികോപ്ടറിൽ പറന്നെത്തിയാണ് മണൽനീക്കം വേഗത്തിലാക്കിയത്. പ്രളയത്തെ തുടർന്ന് അടിഞ്ഞ് കൂടിയ മണൽ വിറ്റുള്ള അഴിമതി നടത്താനുള്ള യാത്രയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
മണൽ നീക്കം തുടരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞ് നിർത്തിയ അതേസമയം തന്നെ വിലക്കേർപ്പെടുത്തി വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. പ്രളയത്തെ നേരിടാനായി നദിയിൽ നിന്ന് മണലെടുക്കാം. പക്ഷേ വനംവകുപ്പിന്റെ അധീനതയിൽ തന്നെ സൂക്ഷിക്കണം. അഥവാ പുത്തേക്ക് കൊണ്ടുപോകണമെങ്കിൽ വനസംരക്ഷണ നിയമം പ്രകാരം പ്രത്യേക അനുമതി നേടണമെന്നും ആശാ തോമസിന്റെ ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ മണൽ കൊണ്ടുപോകാൻ കരാറെടുത്ത പൊതുമേഖലാ സ്ഥാപനമായ കേരള ക്‌ളെയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് പിൻമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |