കൊച്ചി: ലോക്ക്ഡൗണിൽ അടുത്തയാഴ്‌ചയോടെ ലഭിക്കുന്ന കൂടുതൽ ഇളവിന്റെ ചുവടുപിടിച്ച്, കറുത്തപൊന്നിന് വില കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ കർഷകലോകം. ഉത്തരേന്ത്യയിൽ നിന്ന് മികച്ച ഡിമാൻഡ് ഉണ്ടാകുമെന്നും ഇത് വിലവർദ്ധിപ്പിക്കുമെന്നും കർഷകർ വിലയിരുത്തുന്നു. അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ കുരുമുളകിന് വില മേലോട്ട് നീങ്ങുകയാണ്. ചൈന, ഇറക്കുമതി വർദ്ധിപ്പിച്ചതാണ് കാരണം.
എന്നാൽ ഇൻഡോനേഷ്യ, വിയറ്ര്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള കുരുമുളകിനാണ് ഡിമാൻഡ് കൂടുതൽ. ഇവയുടെ വില കുത്തനെ കൂടുകയും ചെയ്‌തു. ഇന്ത്യൻ ഇനം നേടിയത് നേരിയ വർദ്ധനമാത്രം. ലോക്ക്ഡൗണിൽ ഇളവ് ലഭിക്കുമ്പോൾ ചരക്കുനീക്കം സജീവമാകുമെന്നും ഡിമാൻഡ് കൂടുമെന്നും അതുവഴി വില വർദ്ധിക്കുമെന്നുമാണ് പ്രതീക്ഷ. കഴിഞ്ഞവാരം ഇന്ത്യൻ കുരുമുളകിന്റെ വില 1.4 ശതമാനം മാത്രം വർദ്ധിച്ച് ടണ്ണിന് 4,434 ഡോളറിലെത്തി. മേയിൽ വില 4,354 ഡോളറായിരുന്നു. അതേസമയം, വിയറ്ര്‌നാം വില 2,211 ഡോളറിൽ നിന്ന് 2,611 ഡോളറിലേക്കും ഇൻഡോനേഷ്യൻ വില 2,088 ഡോളറിൽ നിന്ന് 14.12 ശതമാനം ഉയർന്ന് 2,383 ഡോളറിലേക്കും ഉയർന്നു.
കർഷകർക്കും നിലവിൽ ഉയർന്നവില കിട്ടുന്നുണ്ടെങ്കിലും ഉത്‌പാദനച്ചെലവ് കണക്കാക്കുമ്പോൾ ഇതിൽ നിന്ന് കാര്യമായ നേട്ടം ലഭ്യമല്ല. കിലോയ്ക്ക് 315-317 രൂപയാണ് നിലവിൽ കർഷകന് കിട്ടുന്നത്. ലോക്ക്ഡൗണിന് മുമ്പ് 290-300 രൂപയായിരുന്നു. വിയറ്ര്‌നാം, ശ്രീലങ്ക, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ 60 ശതമാനം വരെ ഉയർന്നവിലയാണ് ഇന്ത്യൻ ഇനത്തിന്. ഉയർന്ന ഗുണനിലവാരവും ഉത്‌പാദനച്ചെലവുമാണ് ഇതിനുകാരണം. ഉത്‌പാദനച്ചെലവ് കുറച്ച്, വിലയിലെ ഈ അന്തരം കുറയ്ക്കാനുള്ള ശ്രമം കർഷർ നടത്തുന്നുണ്ട്.
കുരുമുളക് വിപ്ളവം
ഈവർഷം ഇന്ത്യ 60,000 ടൺ കുരുമുളക് ഉത്പാദനമാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം ഇത് 55,000 ടൺ ആയിരുന്നു. ആഭ്യന്തര വിപണിയിലാണ് ഇന്ത്യൻ കുരുമുളകിന് ഡിമാൻഡ് കൂടുതൽ. എന്നാൽ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും മികച്ച വിപണിയുണ്ട്.
ഭീഷണിയായി
ശ്രീലങ്ക
വിദേശങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുമ്പോൾ കിലോയ്ക്ക് കുറഞ്ഞത് 500 രൂപയാക്കി കേന്ദ്രം വില നിശ്‌ചയിച്ചിട്ടുണ്ട്. അതിലും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാനാവില്ല. ആഭ്യന്തര കർഷകർക്ക് പ്രയോജനപ്പെടാനാണിത്. എന്നാൽ ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് അനധികൃത ഒഴുക്കുണ്ടാകുമെന്ന ഭീതി കർഷകർക്കുണ്ട്. ഇത്, ആഭ്യന്തരവില ഇടിയാൻ വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |