കാസർകോട് :ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ സംരക്ഷിത വനത്തിലൂടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള മൂന്ന് റോഡുകൾക്കും പാലത്തിനും നിർമ്മാണാനുമതി. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന വനംപരിസ്ഥിതി വകുപ്പ് മന്ത്രിയുടെ ഉത്തരവ് ഇരു പഞ്ചായത്തുകൾക്കും ലഭിച്ചു. കാറഡുക്ക പഞ്ചായത്തിലെ കർമ്മംതൊടി - കൊട്ടംകുഴി, പൂവടുക്ക - അടുക്കത്തൊട്ടി റോഡുകൾക്കും, ദേലംപാടി പഞ്ചായത്തിലെ പാണ്ടി ബളവന്തടുക്ക റോഡിനും വെള്ളരിക്കയ പാലത്തിനുമാണ് അനുമതി ലഭിച്ചത്.
സംരക്ഷിത വനത്തിലൂടെയുള്ള റോഡുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ ഏറെ സാങ്കേതിക പ്രശ്നങ്ങൾ മറികടക്കേണ്ടതുണ്ട്. കേന്ദ്ര വനനിയമം, സംസ്ഥാന നിയമങ്ങൾ എന്നിവ പ്രകാരമാണ് അനുമതി . പൂർണമായും വനങ്ങൾ അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ആവാസ വ്യവസ്ഥയെ സംരക്ഷിച്ചുള്ള യാത്രാ സൗകര്യം ഒരുക്കുകയെന്നത് പ്രയാസകരമായിരുന്നു. ശക്തമായ വന നിയമം കാരണം ഇത്തരം മേഖലകളിലേക്കുള്ള റോഡുകൾക്ക് അനുമതി നൽകാറുണ്ടായിരുന്നില്ല.ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വനമേഖലകളിൽ ചുറ്റപ്പെട്ട് യാത്രാ സൗകര്യം ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി ഓൺലൈൻ അപേക്ഷ നൽകാനുള്ള സംവിധാനമൊരുക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇവയിൽ സമയബന്ധിത നടപടിയുണ്ടാകുകയും ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായാണ് കാസർകോട് ജില്ലയിലെ രൂക്ഷമായ യാത്രാപ്രശ്നമുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |