നിർണായക രേഖകൾ കസ്റ്റഡിയിൽ
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ റെയ്ഡ് നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി അന്വേഷണസംഘം പറഞ്ഞു.
യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ എന്നിവർ പ്രതികളായ 12.5 കോടിയുടെ മൈക്രോഫിനാൻസ്, സാമൂഹ്യക്ഷേമ പദ്ധതികൾ, പ്രീമാര്യേജ് കൗൺസലിംഗ് തട്ടിപ്പു കേസുകളുടെ ഭാഗമായിരുന്നു റെയ്ഡ്. ഷാജി എം.പണിക്കർ, മുൻ ജീവനക്കാരൻ മധു എം.പെരിങ്ങരയിൽ, ശിവൻ സാരംഗി എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.
യൂണിയൻ ഓഫീസിൽ നിന്നു മൈക്രോ ഫിനാൻസിന്റെ കണക്കുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു. ഇതിന്റെ പാസ് വേഡ് വിവരങ്ങൾ ശേഖരിക്കാനായി യൂണിയൻ മുൻ ജീവനക്കാരി ശശികല സുനിലിനെ വിളിച്ചു വരുത്തിയിരുന്നു.
എസ്.പിയുടെ നേതൃത്വത്തിൽ ഒരു ഡിവൈ.എസ്.പി, മൂന്ന് സി.ഐമാർ, എസ്.ഐമാർ ഉൾപ്പെട്ട 40 അംഗ സംഘം നാലു ഗ്രപ്പുകളായി തിരിഞ്ഞായിരുന്നു റെയ്ഡ്. സുഭാഷ് വാസു, ബി.സുരേഷ് ബാബു എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെയാണ് വാദം കേൾക്കുന്നത്.
കേസ് വന്ന വഴി
മാവേലിക്കര യൂണിയനിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംബണ്ഡിച്ച് ദയകുമാർ ചെന്നിത്തല, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, വി.ജയകുമാർ, സത്യപാൽ എന്നിവർ മാവേലിക്കര പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്ന ദക്ഷിണമേഖല ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് സുഭാഷ് വാസു, സുരേഷ് ബാബു, രേവമ്മ, ശശികല എന്നിവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് സംഘം ഒരേ സമയം റെയ്ഡ് നടത്തി തെളിവുകൾ പിടിച്ചെടുത്തിരുന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായ അഡ്വ.സിനിൽ മുണ്ടപ്പള്ളിയുടെ പരാതിയെ തുടർന്നായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |