ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യ-ചൈനാ സേനാ കമാൻഡർമാർ കൂടിക്കാഴ്‌ച നടത്തി. സൈനിക, നയതന്ത്ര തലങ്ങളിലെ തുടർ ചർച്ചകളിൽ പരിഹാരം ഉരുത്തിരിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇന്നലെ രാവിലെ 11.30ഓടെ അതിർത്തിയിലെ മാൽഡോയിൽ ചൈനയുടെ ഔട്ട്‌പോസ്‌റ്റിൽ നടന്ന ചർച്ച നാലരമണിക്കൂറോളം നീണ്ടു. ലേയിലെ 14ാം കോർ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ടിബറ്റ് മിലിട്ടറി ജില്ലാ കമാൻഡറാണ്.
വൈകിട്ട് ലേയിലെ കമാൻഡിംഗ് ആസ്ഥാനത്ത് മടങ്ങിയെത്തിയ ലഫ്.ജനറൽ ഹരീന്ദർ സിംഗ് ചർച്ചയുടെ വിശദാംശങ്ങൾ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരാവനയെ ധരിപ്പിച്ചു. തുടർന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടറേറ്റ് ജനറൽ വഴി വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധമന്ത്രാലയം, വിദേശമന്ത്രാലയം തുടങ്ങിയവർക്ക് കൈമാറി.
തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് കരസേനാ വക്താവ് അറിയിച്ചു. കമാൻഡർമാരുടെ ചർച്ചയ്‌ക്കു മുൻപ് സെക്രട്ടറി തലത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ ഉഭയകക്ഷി ധാരണകൾ നിലനിറുത്താനും ചർച്ച ചെയ്‌തു തർക്കങ്ങൾ പരിഹരിക്കാനും ധാരണയായിരുന്നു. വിദേശമന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും ചൈനീസ് വിദേശമന്ത്രാലയത്തിലെ ഡയറക്‌ടർ ജനറൽ വൂ ജിയാൻഗാവോയുമാണ് ചർച്ച നടത്തിയത്.
പാംഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 പ്രദേശം, ഹോട്ട്‌സ്‌പ്രിംഗ് എന്നറിയപ്പെടുന്ന ഗോഗ്ര, ഗാൽവൻ താഴ്‌വര എന്നിവിടങ്ങളിൽ നിന്ന് സൈനീസ് ചൈന്യം പിൻമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി അറിയുന്നു. ചർച്ചയ്‌ക്ക് മുന്നോടിയായി യഥാർത്ഥ നിയന്ത്രണ രേഖയിൽ ( എൽ. എ. സി ) നിന്ന് ചൈനീസ് സേന രണ്ടുകിലോമീറ്ററും ഇന്ത്യൻ സേന ഒരു കിലോമീറ്ററും പിൻവാങ്ങിയിരുന്നു.
അതേസമയം ഫിംഗർ 4നും ഇന്ത്യ യഥാർത്ഥ നിയന്ത്രണ രേഖയായി പരിഗണിക്കുന്ന ഫിംഗർ 8എട്ടിനും ഇടയിൽ ചൈന നിർമ്മാണങ്ങൾ നടത്തിയതിന്റെ ഉപഗ്രഹ ചിത്രം പുറത്തു വന്നു. നിയന്ത്രണ രേഖ ഫിംഗർ 4 പ്രദേശത്താണെന്ന വാദമാണ് ചൈനയുടേത്.
ഫിംഗർ 4 പ്രദേശത്തിന് സമീപം ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി മെയ് 5, 6 തിയതികളിൽ ഇരുപക്ഷവും തമ്മിൽ കയ്യാങ്കളിയുണ്ടായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |