
ന്യൂഡൽഹി: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് ശരദ് പവാർ. തീരുമാനം എൻസിപിയുടേതാണെന്നും പവാർ കുടുംബത്തോട് ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിന്ന് മാറ്റിനിർത്തിയോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.
'സത്യപ്രതിജ്ഞയെക്കുറിച്ച് ഒന്നുമറിയില്ല. വിഷയത്തിൽ എനിക്കൊരു ധാരണയുമില്ല. വാർത്തകളിലൂടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞത്' - ബാരാമതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ശരദ് പവാർ പറഞ്ഞു. അതേസമയം, എൻസിപി ലയനം സംബന്ധിച്ച് അജിത് പവാറുമായി ചർച്ചകൾ നടന്നിരുന്നെന്നും ശരദ് പവാർ വെളിപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഫെബ്രുവരി 12ന് ലയനം നടക്കണമെന്നായിരുന്നു അജിത് പവാറിന്റെ നിലപാടെന്നും ശരദ് പവാർ പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാകും സുനേത്ര. അതേസമയം, അജിത് പവാറിന്റെ മകൻ പാർത്ഥ് പവാർ രാജ്യസഭാ എംപിയാകുമെന്നും റിപ്പോർട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ നിന്ന് പാർഥ് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |