
ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ്‌യുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടത് നെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തു കൂടി പുറത്തുകടന്നു. 6.35 എം.എം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സി.ജെ. റോയ് ഇൻകംടാക്സ് റെയ്ഡിനിടെ ജീവനൊടുക്കിയത്. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടീസ് നൽകി റോയിയെ ദുബായിൽനിന്ന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദമുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്നും ഐ.ടി വൃത്തങ്ങൾ അനൗദ്യോഗികമായിപറയുന്നു. വ്യാഴാഴ്ചയാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു സാക്ഷിയുടെ സാന്നിദ്ധ്യത്തിലാണ് നടപടിയെന്നും വകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നു.
അതേസമയം ആദായനികുതി ഉദ്യോഗസ്ഥരാണ് റോയ്‌യുടെ മരണത്തിന് കാരണമെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ഉദ്യോഗസ്ഥർ സമ്മർദ്ദത്തിൽ ആക്കിയതിനെ തുടർന്നാണ ജീവനൊടുക്കിയതെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് ഇന്നലെ പറഞ്ഞിരുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിന് കേസുകളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |