കൊല്ലം: ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ പല സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടും ഹെൽത്ത് ക്ലബുകൾക്ക് അനുമതി ലഭിക്കുന്നില്ല. ഹെൽത്ത് ക്ലബുകൾ അടഞ്ഞുകിടക്കുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ വ്യായാമത്തിന് വിരാമമിട്ടു. ഇതുമൂലം ഇത്തരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി വേഗത്തിൽ കൊവിഡിന് കീഴ്പ്പെടാനുള്ള സാദ്ധ്യതയും വർദ്ധിക്കുകയാണ്.
പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രായമായവരടക്കം ലക്ഷക്കണക്കിന് പേരാണ് ഹെൽത്ത് ക്ലബുകളെ ആശ്രയിക്കുന്നത്. വ്യായാമം മുടങ്ങിയതോടെ ഇവർക്കെല്ലാം രോഗം മൂർച്ഛിക്കുന്ന അവസ്ഥയാണ്. ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനും പ്രാധാന്യം നൽകിയ യുവജനങ്ങളുടെ ദിനചര്യകളിൽ നിന്ന് ഹെൽത്ത് ക്ളബുകൾക്ക് ഭാവിയിൽ ലോക്ക് വീഴുമോയെന്ന ആശങ്കയും ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കുണ്ട്.
ജീവിതത്തിന്റെ ഫിറ്റ്നസ് നഷ്ടമായി സംരംഭകരും ജീവനക്കാരും
സംസ്ഥാനത്ത് ഏകദേശം 9500 ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്ററുകളുമുണ്ട്. ഇവയിൽ ഭൂരിഭാഗവും സ്വയംതൊഴിൽ എന്ന നിലയിൽ യുവാക്കൾ ആരംഭിച്ചതാണ്. 10 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് മുതൽമുടക്ക്. പലരും ബാങ്ക് വായ്പ എടുത്താണ് സ്ഥാപനം തുടങ്ങിയത്. ഓരോ സ്ഥാപനങ്ങളിലും അഞ്ച് മുതൽ 15 വരെ ജീവനക്കാരുമുണ്ട്.
ഹെൽത്ത് ക്ലബുകൾ അടഞ്ഞിട്ട് രണ്ടേകാൽ മാസം പിന്നിടുമ്പോൾ ജീവനക്കാരും ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ലോക്ക് ഡൗണിന്റെ ഭാഗമായുള്ള ഒരു സാമ്പത്തിക ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടുമില്ല.
രോഗ വ്യാപനത്തിന് കൂടുതൽ സാദ്ധ്യതയുള്ള ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും വരെ തുറന്ന് പ്രവർത്തിക്കുമ്പോഴാണ് നിർബന്ധനകളെല്ലാം പാലിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാർ അവഗണിക്കുന്നത്.
'' കർശനമായ നിബന്ധനകളോടെയെങ്കിലും ഫിറ്റ്നസ് സെന്റുകൾ തുറക്കാൻ അനുമതി നൽകണം. സ്ഥാപനം തുടങ്ങാനായി എടുത്ത വായ്പകൾക്ക് പലിശരഹിത മൊറട്ടോറിയവും ഈ മേഖലയിലുള്ളവർക്ക് സാമ്പത്തിക സഹായവും അനുവദിക്കണം. തുറക്കാനുള്ള അനുമതി വൈകിയാൽ ഫിറ്റ്നസ് സെന്റർ ഉടമകളുടെയും ട്രെയിനർമാരുടെയും കൂട്ടായ്മയായ 'സേവ് ഫിറ്റ്നസ്' ഇന്ത്യയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും.''
സിബു വൈഷ്ണവ് (സ്മാർട്ട് ഫിറ്റ്നസ് കൊല്ലം)
സംസ്ഥാനത്താകെ 9500 ഹെൽത്ത് ക്ളബുകൾ
മുതൽ മുടക്ക് 10 ലക്ഷം മുതൽ 2 കോടി വരെ
സ്ഥാപനങ്ങളിൽ 5 മുതൽ 15 വരെ ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |