പട്ടികജാതി വികസന വകുപ്പിന്റെ ഭരണ നിയന്ത്രണവും നിരീക്ഷണവും പ്രധാനമായും നിർവഹിക്കുന്നത് മന്ത്രിയും ഗവ. സെക്രട്ടറിയും ആണ്. പദ്ധതി നിർവഹണം ഡയറക്ടറുടെ മേൽനോട്ടത്തിലും. ഈ സംവിധാനങ്ങളെ അദൃശ്യമായ ഒരു 'ബാധ' സ്വാധീനിക്കുന്നുണ്ട്. അത് സമ്മതിച്ചുതരാനോ, അംഗീകരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിക്കൊള്ളണമെന്നില്ല. കാൽ നൂറ്റാണ്ടിലേറെ കാലം പട്ടികജാതി വികസന വകുപ്പിൽ അനുഷ്ഠിച്ച സേവന കാലയളവിലെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും വിലയിരുത്തലിൽ എനിക്ക് ബോധ്യമുള്ളതാണത്. ഈ 'ബാധ' പ്രകടമായി അനുഭവപ്പെട്ടു തുടങ്ങിയിട്ട് കാൽനൂറ്റാണ്ടിലേറെയായി. അത് ഇനി വിവരിക്കും വിധമാണ്.
മന്ത്രിമാർ
കാൽനൂറ്റാണ്ടു മുമ്പുവരെ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിമാർക്ക് വകുപ്പിന്റെ പദ്ധതികളെക്കുറിച്ചും പട്ടികവിഭാഗങ്ങളുടെ പ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ചും അനുഭവജ്ഞാനവും പരിചയവും ഉണ്ടായിരുന്നു. ആവശ്യമായ സന്ദർഭങ്ങളിൽ എപ്പോൾ, എവിടെ, എങ്ങനെ ഇടപെടണമെന്നും വ്യക്തമായി ധാരണയുണ്ടായിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളെയും ശുപാർശകളെയും മാത്രം ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. മന്ത്രിമാർക്ക് പട്ടികജാതി വിഭാഗ ക്ഷേമ വകുപ്പുകളുടെ മന്ത്രി എന്നതിനെക്കാൾ മറ്റൊരു വകുപ്പിന്റെ പേരിൽ അറിയപ്പെടാനാണ് താല്പര്യം കൂടുതൽ.
ഉദ്യോഗസ്ഥർ
പട്ടികവിഭാഗങ്ങൾ പൊതു സമൂഹത്തിൽ അനുഭവിക്കുന്ന അവഗണനയും വിവേചനവും വകുപ്പുകളുടെ കാര്യത്തിൽ പട്ടിക വിഭാഗ വകുപ്പുകളും അനുഭവിക്കുന്നുണ്ട്. വകുപ്പ് മേധാവിയാകാനോ, സെക്രട്ടറി പദം വഹിക്കുവാനോ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ല. മന്ത്രിസഭ മാറുന്നതിനനുസരിച്ച് ഉദ്യോഗസ്ഥ തലത്തിലും മാറ്റം പതിവായി. ഭരണകക്ഷിയോട് താല്പര്യമുള്ളവർ ഇഷ്ടപ്പെട്ട ലാവണം തേടും. അവസാനം താൽപര്യമില്ലാത്ത ഉദ്യോഗസ്ഥർ പട്ടികവിഭാഗ വകുപ്പിൽ വരും. അവർ മിക്കവരും ഭരണ കക്ഷിയുടെ എതിർ ചേരിയിലുള്ളവർ ആയിരിക്കും. സർക്കാർ നയവും തീരുമാനവും അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും പലപ്പോഴും താല്പര്യം കുറവായിരിക്കും. ചില സന്ദർഭങ്ങളിൽ എതിർ നിലപാടുകളും തടസവാദങ്ങളും ഉന്നയിച്ച് സർക്കാർ താല്പര്യം നടപ്പാക്കാനാവാത്ത സാഹചര്യവും സൃഷ്ടിക്കും.
ഡയറക്ടർ
പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഡയറക്ടറും സമാന മനോഭാവക്കാരനായിരിക്കും. കാൽനൂറ്റാണ്ടു മുമ്പുവരെ സീനിയർ ഐ.എ.എസ് ഓഫീസർമാരായിരുന്നു ഡയറക്ടർമാരാവുക. ''എക്സ് ഒഫിഷ്യോ'' അഡിഷണൽ സെക്രട്ടറി പദവി ഉണ്ടായിരുന്നു. ഇപ്പോൾ ജൂനിയർ ഐ.എ.എസുകാരാണ് നിയമിതരാകുന്നത്. ഡയറക്ടറെ സഹായിക്കുന്ന നിർണായക പദവിയുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും, ഫിനാൻസ് ഓഫീസറും. ഭരണം മാറുന്നതനുസരിച്ച് ഈ രണ്ട് പദവികളിലും ഭരണ കക്ഷിയുടെ എതിർ ചേരിയിലുള്ളവർ എത്തപ്പെടും. അതോടെ അവരുടെ സേവനവും അതൃപ്തിയും വിദ്വേഷവും നിറഞ്ഞതായിരിക്കും.
മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ആവേശിച്ചിരിക്കുന്ന ഈ 'ബാധ'കൾ ഒഴിയാതെ പട്ടികജാതി ജനവിഭാഗം രക്ഷപ്പെടില്ല.
((ലേഖകൻ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ സ്ഥാപക ഡയറക്ടറാണ്, ഫോൺ 9447275809.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |