കോട്ടയം: ലോക്ക് ഡൗണിനു ശേഷം തുറന്നു തുടങ്ങിയ തട്ടുകടകൾ രോഗവാഹകരാകുമെന്ന് ആശങ്ക. തട്ടുകടകളിലെ ജീവനക്കാർ മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും ഗ്ലൗസ് ധരിക്കാതെയാണ് ഭക്ഷണം കൈകാര്യം ചെയ്യുന്നത്. പാഴ്‌സൽ നൽകുന്നവരും ഭക്ഷണം പാകം ചെയ്യുന്നവരുമടക്കം ഗ്ലൗസ് ധരിക്കുന്നില്ല. കൊവിഡ് വൈറസ് പടരാൻ സാദ്ധ്യത ഇരട്ടിയാക്കിയാണ് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തട്ടുകട പ്രവർത്തിക്കുന്നത്.
കൊവിഡിനു മുൻപ് തന്നെ ജില്ലയിലെ തട്ടുകടകളുടെ പ്രവർത്തനത്തെപ്പറ്റി വ്യാപക പരാതി ഉയർന്നിരുന്നു. ലോക്ക് ഡൗണിനിടെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ തട്ടുകടകളും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പല തരത്തിലുള്ള ആളുകളുമായാണ് ജീവനക്കാർ ഇടപെടുന്നത്. ഇവർക്ക് അസുഖം ഉള്ളവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലും ജീവനക്കാർ സുരക്ഷാ സംവിധാനമില്ലാതെയാണ് ഭക്ഷണം വിളമ്പുന്നത്.
ഇന്നു മുതൽ ഹോട്ടലുകളും തട്ടുകടകളും തുറക്കുന്നതിന്ന് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
നിവേദനം നൽകി
ഹോട്ടലുകളിലും തട്ടുകടകളിലും ജീവനക്കാർ ഗ്ലൗസ് ധരിക്കുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രീസ് മുഖ്യമന്ത്രിയ്‌ക്കും ആരോഗ്യ വകുപ്പ് മന്ത്രിയ്‌ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയ്‌ക്കും ജില്ലാ കളക്‌ടർക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |