ചെറുവത്തൂർ: കാലവർഷാരംഭത്തിൽ പതിവുള്ള ട്രോളിംഗ് നിരോധനം നാളെ നിലവിൽ വരും. ലോക്ക്ഡൗൺ കാലത്തെ മാസങ്ങളായുള്ള നിരോധനം നീങ്ങി ഒരു മാസം കഴിയുമ്പോൾ മൺസൂൺ കാല ട്രോളിംഗ് നിരോധനവും വരുന്നത് മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയാക്കും.
കടലിൽ പോകുന്ന ബോട്ടുകളെ മാത്രമല്ല, മറിച്ച് തലച്ചുമടായി വിൽപ്പന നടത്തുന്ന സ്ത്രീകൾ, സൈക്കിളിലും റിക്ഷകളിലുമായി മീൻ വിൽക്കുന്നവർ തുടങ്ങി മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കൊക്കെയും നിരോധന കാലം കഷ്ടപ്പാടിന്റെതായിരിക്കും. സാധാരണയായി മഴക്കാലം തുടങ്ങുന്നതോടെ മത്തി, അയില എന്നിവയുടെ ചാകരപതിവാണ്. ബോട്ടു നിറയെ മീനുമായാണ് തൊഴിലാളികൾ തുറമുഖത്തെത്തുക. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി സാധാരണക്കാരന്റെ ഇഷ്ടഭോജ്യമായ മത്തി കണി കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഏറെ നിരാശയോടെയാണ് ബോട്ടുകൾ കടലിൽ നിന്ന് തിരിച്ചുവന്നത്. അതിനിടയിലാണ് ട്രോളിംഗ് നിരോധനവും വരുന്നത്.
ട്രോളിംഗ് നിരോധനത്തിനു മുന്നോടിയായി മടക്കരയും പരിസരങ്ങളും കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളിലെ അന്യസംസ്ഥാന തൊഴിലാളികൾ സ്ഥലം വിട്ടു തുടങ്ങി. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മറ്റെല്ലാ മേഖലയിലെന്ന പോലെ മടക്കര തുറമുഖവും അടച്ചിട്ടിരുന്നു. കഴിഞ്ഞ മേയ് ആറാം തീയ്യതി മുതലാണ് വീണ്ടും കടലിൽ പോകാൻ തുടങ്ങിയത്. ഇനി നാളെ മുതൽ ട്രോളിംഗ് നിരോധനവും കൂടിയാകുന്നതോടെ മത്സ്യ ബന്ധന - വിപണന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കഞ്ഞിക്കരി കണ്ടെത്താൻ മറ്റുവഴികൾ തേടേണ്ടി വരും.
52 ദിവസം
മഴക്കാലത്തിന്റെ ആരംഭം മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ യന്ത്രവൽകൃത ബോട്ടുകളുടെ ട്രോളിംഗ് മീൻമുട്ടകളെയും, കുഞ്ഞുങ്ങളെയും പാടെ നശിക്കാൻ ഇടയാകുമെന്നതിനാലാണ് മത്സ്യബന്ധനം നിരോധിക്കുന്നത്. കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും 52 ദിവസമാണ് പരമ്പരാഗത യാനങ്ങളൊഴികെയുള്ളവക്ക് കടലിൽ മത്സ്യബന്ധനത്തിനുളള അനുമതി നിഷേധിച്ചിട്ടുള്ളത്.
പടം...
തലച്ചുമടായി മീൻ വിൽപ്പനയ്ക്കായി നീങ്ങുന്ന സ്ത്രീകൾ. മടക്കര തുറമുഖത്തു നിന്നുള്ള കാഴ്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |