കോന്നി : പ്രാഥമിക നിർമ്മാണ ജോലികൾ പൂർത്തീകരിച്ചെങ്കിലും കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഈ വർഷവും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. കോന്നിയുടെ കാര്യത്തിൽ സർക്കാർ ആദ്യഘട്ടത്തിൽ പാലിച്ച മൗനമാണ് പ്രതിസന്ധിക്ക് കാരണം. കോന്നിയ്ക്ക് ഒപ്പം നിർമ്മാണം തുടങ്ങിയ ഇടുക്കിയിൽ കഴിഞ്ഞ അദ്ധ്യായന വർഷം ക്ളാസുകൾ തുടങ്ങിയിരുന്നു. വിദ്യാർത്ഥി പ്രവേശനം സംബന്ധിച്ച് ജൂലൈ മാസത്തിലേ ഇനി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ കഴിയു. പരിസ്ഥിതി അനുമതി ലഭിച്ചാലുടൻ ഒ.പി. പ്രവർത്തനം ആരംഭിക്കാനാകും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ കോന്നിയിലും 100 സീറ്റിന് പ്രാവേശാനാനുമതി തേടി അഖിലേന്ത്യ മെഡിക്കൽ കൗൺസിലിനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കോന്നി മെഡിക്കൽ കോളജിനാവശ്യമായ തസ്തികകളും സർക്കാർ തീരുമാനിച്ചു. അഖിലേന്ത്യ മെഡിക്കൽ കൗൺസിൽ ടീം പരിശോധന നടത്തിയെങ്കിലും അന്ന് അക്കാദമിക് ബ്ലോക്ക്, ആശുപത്രി എന്നിവയുടെ നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ അനുമതി നൽകിയില്ല. എന്നാൽ ഇപ്പോൾ എല്ലാ പ്രാഥമിക നിർമ്മാണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
ക്ളാസ് മുറികളും വാർഡുകളും പൂർത്തിയായി
മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ ക്ളാസ് മുറികളുടെയും 10 വാർഡുകളുടെയും നിർമ്മാണം പൂർത്തിയായി. 300 രോഗികൾക്ക് കിടക്കാനാകും. ഓരോ വാർഡിലും ലാബ്, നഴ്‌സിംഗ് സ്റ്റേഷൻ, ഡോക്ടറുടെ മുറി തുടങ്ങിയ സൗകര്യമുണ്ട്. എല്ലാ രോഗികൾക്കും നഴ്‌സിംഗ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ബെൽ സിസ്റ്റവും തയ്യാറായി. രോഗികളുടെ ബന്ധുക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്തിന്റെ പണിയും 280 ടോയ്ലറ്റുകളും പൂർത്തിയായി.
.
വൈദ്യുതിയും വെള്ളവും
750 കെ.വി.യുടെ രണ്ട് ജനറേറ്ററിന്റെയും, 1600 കെ.വി.യുടെ രണ്ട് ട്രാൻസ്‌ഫോർമറിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. അത് ഈ മാസം തന്നെ കമ്മിഷൻ ചെയ്യും. വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിന് പണം അടച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ വർക്ക്, കെട്ടിടത്തിനുള്ളിലെ പെയിന്റിംഗ്, സ്റ്റീൽ കൈവരി നിർമ്മാണം തുടങ്ങിയവ നടക്കുന്നു.
ഒരുക്കിയ സൗകര്യങ്ങൾ
1. വാർഡുകൾ : 10
2.കിടക്കകൾ : 300
3. ടോയ്ലറ്റുകൾ: 280
ലോക്ക് ഡൗൺ ആണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്. കിഫ്ബിയുടെ ചുമതലയിൽ 330 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ തുടങ്ങും. പരിസ്ഥിതി അനുമതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്റിയുടെയും ആരോഗ്യ മന്ത്റിയുടെയും നിർദ്ദേശാനുസരണം നടന്നു വരുന്നു. ഈ മാസം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |