തിരുവനന്തപുരം: വിയർപ്പും പൊടിയും പറ്റിയ ചുവന്ന തോർത്ത് തലയിൽക്കെട്ടി ചുമട് എടുത്തുകൊണ്ടിരിക്കുമ്പോഴായിരിക്കും പെരിന്തൽമണ്ണയിലെ ചുമട്ട് തൊഴിലാളി അബ്ദുൾ അസീസിന്റെ ഫോൺ ചിലയ്ക്കുന്നത്. ആശുപത്രിയിൽ നിന്നാണ് 'ഒരാൾക്ക് എ നെഗറ്റീവ് രക്തം വേണം. പെട്ടെന്നു വരുമോ?' കേൾക്കേണ്ട താമസം ചുമട് കൊണ്ടിട്ട്, വിയർപ്പു തുടച്ചിട്ട് സൈക്കിളിൽ ഒറ്റപ്പോക്കാണ്. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലെത്തി രക്തദാനം ചെയ്ത ശേഷം ഐ.സി.യുവിന്റെ ഗ്ലാസിലൂടെ കണ്ണൊന്നും പായിക്കും തന്റെ പുതിയ 'രക്തബന്ധുവിനെ' കാണാൻ. പിന്നെ സൈക്കിളിൽ നേരെ വീട്ടിലേക്ക്. കഴിഞ്ഞ 30 വർഷമായി അസീസിന്റെ പതിവ് ഇതാണ്.
കഴിഞ്ഞ മാർച്ച് 16ന് അസീസ് 102-മത്തെ രക്തദാനമാണ് നടത്തിയത്. 2013ലും 2019ലും മികച്ച രക്തദാതാവിനുള്ള ആരോഗ്യവകുപ്പിന്റെ പുരസ്കാരവും ലഭിച്ചു.
എ നെഗറ്റീവ് അപൂർവമായതിനാൽ ആവശ്യക്കാരേറെയാണ്. ഒരിക്കൽ രക്തംനൽകിയാൽ പിന്നെ മൂന്നു മാസം കഴിഞ്ഞേ നൽകാനാവൂ. എന്നാൽ അത്യാവശ്യം വന്നാൽ നാല്പത്തിയെട്ടുകാരനായ അബ്ദുൾ അസീസ് സ്വന്തം ആരോഗ്യംപോലും മറന്ന് രക്തം നൽകും. പതിനെട്ടാമത്തെ വയസിലാണ് ലേബർകാർഡ് എടുത്ത് സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായത്. അന്ന്
കൂട്ടത്തിലൊരാളുടെ സഹോദരിക്ക് ശസ്‌ത്രക്രിയയ്ക്കാണ് ആദ്യമായി രക്തം നൽകുന്നത്. സ്വന്തം രക്തഗ്രൂപ്പ് അറിയുന്നതും അപ്പോഴാണ്.
അന്നുതന്നെ താലൂക്ക് ആശുപത്രിയിലെ രക്തബാങ്കിൽ പേരും നൽകി. സ്വന്തമായി ഫോണില്ലാത്തതിനാൽ കവലയിലെ വീരമണി ടെക്സ്റ്റൈൽസിന്റെ നമ്പരാണ് നൽകിയത്. ഇപ്പോൾ മൂന്ന് രക്തദാന ഗ്രൂപ്പുകളുടെ അഡ്മിനാണ് അസീസ്. പുതുതായി ഒരാളെ പരിചയപ്പെടുമ്പോൾ ആദ്യം ചോദിക്കുന്നത് രക്തഗ്രൂപ്പ് ഏതെന്നായിരിക്കും. പിന്നെ രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റി അയാളെ ബോധവത്കരിക്കും. മൈമുനയാണ് അസീസിന്റെ ഭാര്യ. ഏഴ് മക്കളുണ്ട്. അജ്മൽ, അജ്‌സൽ, അസ്‌ലം, അസ്‌ല്വാഹ് എന്നിവരെ പ്രായപൂർത്തിയായപ്പോൾ തന്നെ രക്തദാതാക്കളാക്കി. അഫ്സ, അൽസ്വാബ, അബ്‌സ്വാല എന്നിവരാണ് ഇളയമക്കൾ.
“രക്തം ദാനം ചെയ്യുന്നതിലൂടെ മനുഷ്യത്വമാണ് പകർന്നു നൽകുന്നത്. അതിന് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, എല്ലാവരുടെയും ഞരമ്പിലൂടെ ഓടുന്നതിന് പേര് ഒന്നേയുള്ളൂ, രക്തം,”
-അബ്‌ദുൾ അസീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |