SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

കേരളത്തിൽ ഏറ്റവും കൂടുതൽ എയ്‌ഡ്സ് രോഗികളുള്ള സ്ഥലം; ഇവിടെ മാത്രമുള്ളത് 850 രോഗികൾ, സൂക്ഷിക്കണം

Increase Font Size Decrease Font Size Print Page
hiv

കൊച്ചി: കേരളത്തിൽ 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്.ഐ.വി രോഗബാധ വർദ്ധിക്കുന്നതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർവരെ മാത്രമുള്ള പുതിയ രോഗബാധിതരിൽ 15.4 ശതമാനം പേർ ഈ പ്രായക്കാരാണ്.

2022ൽ ഈ പ്രായപരിധിയിൽ ഒമ്പത് ശതമാനമായിരുന്ന രോഗബാധിതരുടെ എണ്ണം 2023ൽ 12 ശതമാനമായും 2024ൽ 14.2 ശതമാനമായും വർദ്ധിച്ചു. ആഗോളതലത്തിൽ സേഫ് സോണിലാണെങ്കിലും ആശങ്കാജനകമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഈ വിഭാഗത്തിലെ രോഗബാധിതരിൽ ഏറെയുണ്ടെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

നിലവിൽ എച്ച്.ഐ.വി സാന്ദ്രത രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. ഇന്ത്യയിലെ സാന്ദ്രത 0.20 ആയിരിക്കേ, കേരളത്തിലേത് 0.07 മാത്രമാണ്. അശ്രദ്ധമായ ജീവിതരീതി, സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയാണ് രോഗംപിടിപെടാൻ പ്രധാന കാരണങ്ങൾ.

ഇന്ത്യയിൽ 25 ലക്ഷമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം. കഴിഞ്ഞ വർഷം 63000 പേരെ പുതുതായി കണ്ടെത്തി. 32000പേർ എയ്ഡ്സ് മൂലം മരിച്ചു. കേരളത്തിൽ 23,608 പേരാണ് നിലവിലെ രോഗബാധിതർ.

മൂന്ന് വർഷത്തിനിടെ 4477 പേർക്ക് സംസ്ഥാനത്ത് എച്ച്.ഐ.വി സ്ഥിരീകരിച്ചു. 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ചികിത്സയ്‌ക്കെത്തുമ്പോഴാണ് ഗർഭിണികളിൽ രോഗം കണ്ടെത്തുന്നത്.

രോഗബാധിതർ കൂടുതൽ കൊച്ചിയിൽ
എറണാകുളം...............................850
തിരുവനന്തപുരം...................... 555
തൃശൂർ.............................................518
കോഴിക്കോട്................................441
പാലക്കാട്...................................... 371
കോട്ടയം.........................................350
കണ്ണൂർ........................................... 243
കൊല്ലം............................................223
മലപ്പുറം.......................................... 215
ആലപ്പുഴ........................................188
പത്തനംതിട്ട............................... 162
ഇടുക്കി.......................................... 155
കാസർകോട്..............................139
വയനാട്..........................................67

`ശരിയായ മേൽവിലാസമോ ഫോൺനമ്പറോ ഇല്ലാത്ത അന്യസംസ്ഥാന എയ്ഡ്സ് ബാധിതരുടെ തുടർചികിത്സ, പങ്കാളികളെ പരിശോധിക്കൽ, ചികിത്സ ഉറപ്പാക്കൽ എന്നിവ വെല്ലുവിളിയാണ്.``

-രശ്മി മാധവൻ, സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോ. ഡയറക്ടർ.

TAGS: HIV, AIDS, LATESTNEWS, KERALA, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY