തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ ആദ്യം കൊവിഡ് ടെസ്റ്ര് നടത്തണമെന്ന സർക്കാർ ഉത്തരവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇപ്പോൾ 4500 രൂപയോളമാണ് സ്വകാര്യ ലാബുകളും ആശുപത്രികളും കൊവിഡ് ടെസ്റ്രിനായി ഈടാക്കുന്നത്. 500 രൂപ മാത്രം ചെലവുവരുന്ന ചെറിയ മുഴകൾ നീക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും 4,500 രൂപ മുടക്കി കൊവിഡ് ടെസ്റ്ര് നടത്തണം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെല്ലാമായി നിത്യേന 5,000ത്തോളം രോഗികളാണ് വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത്.
സർക്കാർ ആശുപത്രികളിലും ലാബുകളിലും ടെസ്റ്ര് നടത്താൻ സൗകര്യമുണ്ടെങ്കിലും കൊവിഡ് ലക്ഷണമുള്ളവർക്കും ക്വാറന്റൈൻ ചെയ്യപ്പെട്ടവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കും മാത്രമാണ് ഇവിടെ ടെസ്റ്ര് നടത്തുന്നത്. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടവർ കൊവിഡ് ടെസ്റ്റിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. സർക്കാർ ലാബുകളെ സമീപിക്കുമ്പോൾ ഇങ്ങനെയൊരു ഉത്തരവിനെ കുറിച്ച് തങ്ങൾക്കറിയില്ല എന്നാണവർ പറയുന്നത്
സംസ്ഥാനത്ത് രണ്ട് സ്വകാര്യ ലാബുകളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും മാത്രമാണ് കൊവിഡ് ടെസ്റ്രു നടത്താൻ ഐ.സി.എം.ആർ അനുവാദം നൽകിയിരിക്കുന്നത്. സ്വകാര്യ ലാബുകൾ കൊവിഡ് ടെസ്റ്രിന് 4500 രൂപയ്ക്ക് മുകളിൽ ഈടാക്കുമ്പോൾ ഇൻഷ്വറൻസ് കമ്പനികൾ 2,000 രൂപ മാത്രമാണ് ക്ലെയിമായി നൽകുന്നത്.
ആയുഷമാൻ ഭാരത് വഴി തിമിര ശസ്ത്രക്രിയ നടത്തുമ്പോൾ 4500 രൂപയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. തുക കേന്ദ്ര സർക്കാർ നൽകും. എന്നാൽ കൊവിഡ് ടെസ്റ്രിന്റെ തുക രോഗികളടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |