ന്യൂഡൽഹി: കോളേജുകളുടെ അഫിലിയേഷനും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ സുതാര്യത കാണിക്കണം എന്ന് കാലിക്കറ്റ് സർവകലാശാലയോട് സുപ്രീം കോടതി. കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിന് അഫിലിയേഷൻ നൽകാനും സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കോളേജിന് അഫിലിയേഷൻ നൽകണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കാലിക്കറ്റ് സർവകലാശാല നൽകിയ ഹർജി ജസ്റ്റിസ് റോഹിംഗ്ടൺ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. കോളേജുകളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ സർവകലാശാല കൂടുതൽ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ബി.കോം എൽ.എൽ.ബി കോഴ്‌സിന് അഫിലിയേഷൻ നൽകണം എന്ന് ആവശ്യപ്പെട്ട് കോളേജ് നൽകിയ അപേക്ഷ സർവകലാശാല തള്ളിയിരുന്നു. കോഴ്‌സ് ആരംഭിക്കാൻ കോളേജ് നിർദേശിച്ച കെട്ടിടം താത്കാലികമാണെന്നും, കുട്ടികളുടെ കായിക സാംസ്‌കാരിക പരിപാടികൾക്ക് ആയി വേണ്ടത്ര സ്ഥലം നീക്കി വച്ചിട്ടില്ല എന്നും, ലൈബ്രറിയിൽ ആവശ്യത്തിന് പുസ്തകം ഇല്ല എന്നും ചൂണ്ടിക്കാട്ടി ആയിരുന്നു സർവകലാശാല അഫിലിയേഷൻ നിഷേധിച്ചത്. എന്നാൽ 4400 പുസ്തകങ്ങൾ മാത്രമേ ഉള്ളു എന്ന് പറഞ്ഞ് ഒരു കോളേജിന് അഫിലിയേഷൻ നിഷേധിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |