പത്തനംതിട്ട: ദുബായിൽ നിന്നെത്തി നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ട യുവതിയെ ആംബുലൻസിലിരുത്തി ഡ്രൈവർ മൂന്ന് മണിക്കൂർ നാടുചുറ്റി. നഗരത്തിലെ അബാൻ ടവറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തേണ്ട ഒരു യുവതി ഉൾപ്പെടെ അഞ്ചുപേരുമായി ഇന്നലെ രാവിലെ ഏഴിന് ശബരിമല ഇടത്താവളത്തിൽ നിന്ന് പുറപ്പെട്ടതാണ് ആംബുലൻസ്. യുവതിയെ അബാൻ ടവറിൽ എത്തിച്ചത് മൂന്ന് മണിക്കൂർ കഴിഞ്ഞ് പത്തരയോടെയാണ്. ഇടത്താവളത്തിൽ നിന്ന് അഞ്ച് മിനിട്ടിനുള്ളിൽ എത്താൻ കഴിയുമായിരുന്ന അബാനിൽ യുവതിയെ ഇറക്കാതെ ഇലവുംതിട്ടയിലെയും അടൂരിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ആംബുലൻസ് പോയത്. മറ്റുള്ളവരെ ഇവിടങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഇറക്കുകയും ചെയ്തു.
പത്തനംതിട്ട സ്വദേശിയായ യുവതിക്ക് വേണ്ടി നേരത്തേ അബാനിൽ മുറി ബുക്കുചെയ്തിരുന്നു. വേണ്ട സൗകര്യങ്ങൾ ഒരുക്കി ക്വാറന്റൈൻ ചുമതലയുള്ള ജീവനക്കാരും കാത്തിരിക്കുകയായിരുന്നു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ യുവതി അറിയിച്ചെങ്കിലും അബാനിൽ മുറിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഒടുവിൽ നഗരസസഭ കൗൺസിലർ ഹരീഷ് ഇടപെട്ടതോടെയാണ് യുവതിയെ അബാനിൽ എത്തിച്ചത്.
വിദേശത്ത് നിന്ന് വന്നവർക്ക് കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബസിൽ പത്തനംതിട്ടയിൽ എത്തിയപ്പോൾ സ്വീകരിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നില്ല. സംഭവത്തെപ്പറ്റി അറിയില്ലെന്ന് തഹസിൽദാർ ഷാജി പറഞ്ഞു.ക്വാറൻറൈനിൽ പ്രവേശിപ്പിക്കേണ്ടവരുടെ വിവരങ്ങളടങ്ങിയ പട്ടികയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..
ഇന്നലെ 11 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ജൂൺ 11 ന് ഡൽഹിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി, 11 ന് ഡൽഹിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി, ഏഴിന് സൗദിഅറേബ്യയിൽ നിന്നെത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരൻ, ആറിന് ബഹ്റനിൽ നിന്നെത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരൻ, 13 ന് കുവൈറ്റിൽ നിന്നെ ത്തിയ കുറ്റൂർ സ്വദേശിയായ 68 വയസുകാരൻ, 11ന് കുവൈറ്റിൽ നിന്നെത്തിയ പളളിക്കൽ സ്വദേശിയായ 28 വയസുകാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി സ്വദേശിയായ 43 വയസുകാരൻ, 10ന് റിയാദിൽ നിന്നെത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരൻ, മൂന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരൻ, ഒന്നിന് ദുബായിയിൽ നിന്നെത്തിയ കൈപ്പട്ടൂർ സ്വദേശിനിയായ ഒരു വയസുകാരി, 13 ന് കുവൈറ്റിൽ നിന്നെത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |