ലോകംമുഴുവൻ കൊവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ, വൈറസ് ഭൂതം ആദ്യമെത്തിയ ചൈന ഇപ്പോൾ എന്താണ് ചെയ്യുന്നത്? രാജ്യത്ത് കൊവിഡ് രണ്ടാംഘട്ട വ്യാപനം റിപ്പോർട്ട് ചെയ്യുമ്പോഴും, തങ്ങളുടെ അയൽരാജ്യങ്ങൾക്കുമേൽ കുതിരകയറുന്ന ചൈനയുടെ ഉദ്ദേശമെന്താണ്?
ഇന്ത്യയടക്കം 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന. ഒരുപക്ഷേ ഇത്രയേറെ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മറ്റൊരു രാജ്യവും ലോകത്തില്ല. അയൽപക്കങ്ങളിൽ തങ്ങൾക്കു നോട്ടമുള്ള പ്രദേശങ്ങളെ തങ്ങളുടേതാക്കാൻ സൈനിക ഗുണ്ടായിസവും മുഷ്ടിചുരുട്ടലും പോർവിളികളും തന്നെയാണ് ചൈന ആയുധമാക്കുന്നത്. എന്നാലതൊക്കെയും തങ്ങളേക്കാൾ ശക്തികുറഞ്ഞവരോടും, ഒരു വാക്കുകൊണ്ടെങ്കിൽപ്പോലും തങ്ങളോട് മറുത്തു പറയുന്നവരോടുമാണ്. ഹോങ്കോംഗും തായ്‌വാനും വിയറ്റ്നാമും ജപ്പാനും മലേഷ്യയുമൊക്കെ ചൈനയുടെ ഈ അമ്മായിയമ്മപ്പോരുകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന രാജ്യങ്ങളാണ്. ഫിലിപ്പീൻസിനെപ്പോലും ചൈന വെറുതെ വിടുന്നില്ല. ഇനി, തങ്ങളേക്കാൾ വളരാൻതക്ക ശേഷിയുള്ള രാജ്യമാണെങ്കിലോ, പൊതുവിൽ ദുർബലരായ കുറച്ചുപേരെ കൂടെക്കൂട്ടി ചെറിയ ഉണ്ടയില്ലാവെടികളൊക്കെ അങ്ങോട്ടേക്ക് പായിച്ച് ശ്രദ്ധതിരിപ്പിച്ചുള്ള തന്ത്രങ്ങളാകും പയറ്റുക. ഇതുതന്നെയാണ് ഇപ്പോൾ ഇന്ത്യയ്ക്കെതിരെയും ചൈന പ്രയോഗിക്കുന്നത്.
♦
പുതിയ ദേശീയസുരക്ഷാ നിയമം കൊണ്ടുവന്നാണ് ഹോങ്കോംഗിനെ ഈ അടുത്തകാലത്ത് ചൈന വെല്ലുവിളിച്ചത്. തങ്ങളുടെ സൈന്യത്തിന് യഥേഷ്ടം കയറി നിരങ്ങാവുന്ന ഒരു പൊതുനിരത്തായി ഹോങ്കോംഗിനെ മാറ്റിയെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ, ഓരോതവണയും തങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കാൻ തയാറെടുത്തുവരുന്ന ചൈനയെ, അവരുടെ അടിച്ചമർത്തലുകളെ ഹോങ്കോംഗിലെ ജനാധിപത്യവാദികൾ തെരുവിലാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഹോങ്കോംഗിലെ ചൈനയുടെ ചരടുവലികളൊക്കെ അന്താരാഷ്ട്ര മാദ്ധ്യമശ്രദ്ധ നേടുകയും അതുവഴി ലോകം അറിയുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ സമയംതന്നെ, മാദ്ധ്യമങ്ങളിൽ വരാത്തതോ അന്താരാഷ്ട്ര ശ്രദ്ധ കിട്ടാത്തതോ ആയ നിരവധി നീക്കങ്ങൾ മറ്റ് അയൽപ്പക്ക രാജ്യങ്ങൾക്കെതിരായി ചൈന ചെയ്തുകൂട്ടുന്നുണ്ട്.
♦
തെക്കുചൈനാ കടലിലെ പ്രകോപനപരമായ നീക്കങ്ങളാണ് ചൈനയുടെ അടുത്തകാലത്തെ പ്രധാനഹോബി. മിയാക്കോ കടലിടുക്കിൽ കഴിഞ്ഞ കുറച്ചുനാളുകളായി സൈനികപോരാട്ട പരിശീലനം നടത്തിയാണ് ചൈന, ജപ്പാനെ പ്രകോപിപ്പിക്കുന്നത്. തങ്ങളുടെ വിമാനവാഹിനി കപ്പലായ ലിയോണിംഗിനെയും അതിലെ പോർസംഘത്തെയും പരിശീലനത്തിനായി ചൈന പറഞ്ഞയച്ചതും ഈ കടലിടുക്കിലേക്കായിരുന്നു. ജപ്പാൻ ഇതിനെയൊരു യുദ്ധത്തിനുള്ള പോർവിളിയായിട്ടാണ് കണക്കാക്കുന്നതും. തീർന്നില്ല സമുദ്രമാർഗമുള്ള ചൈനയുടെ പേടിപ്പിക്കലുകൾ. മലേഷ്യയുടെ ദേശീയ എണ്ണക്കമ്പനിയുടെ വെസ്റ്റ് കപ്പേല്ല എന്ന സർവേ ഷിപ്പിന്റെ പിന്നാലെ ചൈനയുടെ കോസ്റ്റ് ഗാർഡും, മറ്റു സായുധ സംഘങ്ങളും പാഞ്ഞുചെന്നത് ഈ പേടിപ്പിക്കലിന്റെ ഭാഗമാണ്. തെക്ക് ചൈനാ കടലിലെ ചൈനയുടെ ഇടപെടലുകളിൽ പരാതിയുള്ള രാജ്യമാണ് ഫിലിപ്പീൻസും. വിയറ്റ്നാമിനോട് ചേർന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ തങ്ങളുടെ സൈനിക പ്രസ്ഥാനങ്ങളും മിസൈൽ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് വിയറ്റ്നാമിനോടുള്ള ചൈനയുടെ പ്രകോപനം. തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളെ ചൈനീസ് നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കഴിഞ്ഞ കുറേക്കാലമായി ശല്യം ചെയ്യുകയാണ് എന്ന പരാതി വിയറ്റ്നാമിന്റെ ഭാഗത്തുനിന്നുണ്ട്. ഹോങ്കോംഗിന് പിന്നാലെ, ചൈനാവിരുദ്ധ വികാരം പുകയുന്ന ജനങ്ങളുടെ നാടുകൂടിയാണ് വിയറ്റ്നാം.
♦
ഇന്തോനേഷ്യയുടെ ജലസമ്പത്തിനെയും മത്സ്യസമ്പത്തിനെയും ലക്ഷ്യമിട്ടാണ് ചൈന അവരോട് കൊമ്പുകോർക്കുന്നത്. എന്നാൽ, ഇന്തോനേഷ്യയിൽനിന്ന് കേവലം 1500 കിമി മാത്രം അകലെയുള്ള ചൈനയുടെ യഥാർത്ഥനോട്ടം ഇന്തോനേഷ്യയുടെ സ്വകാര്യസമ്പത്തായ നഥുന ദ്വീപുകളാണെന്നത് പകൽപ്പോലെ വ്യക്തം. ഇന്തോനേഷ്യ അംഗീകരിച്ചാലും ഇല്ലെങ്കിലും, ഈ ജലസമ്പത്തിൽ ചൈനയ്ക്ക് അനിഷേധ്യമായ അവകാശമുണ്ട് എന്നാണ് ഇക്കാര്യത്തിലെ ചൈനീസ് നയം. ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചും ഇടയ്ക്കൊക്കെ തരംപോലെ ഓരോ ചൈനീസ് മത്സ്യബന്ധനബോട്ടുകൾ ഇടിച്ച് വെള്ളത്തിൽ മുക്കിയുമാണ് ഇന്തോനേഷ്യ ഇതിനെ പ്രതിരോധിക്കുന്നത്.
♦
കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ഡബ്ല്യു.എച്ച്.ഒ വിളിച്ച സമ്മേളനത്തിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു ചൈന തായ്‌വാന്റെ മേൽ തങ്ങളുടെ അധികാരമുഷ്ക് കാട്ടാൻ ശ്രമിച്ചത്. ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ചാൽ, ഡബ്ല്യു.എച്ച്.ഒയിൽ അംഗമാക്കാം എന്ന നിബന്ധന പക്ഷേ തായ്‌വാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. അധികാരഗർവ് മാത്രമല്ല, തായ്‌വാന്റെ ആകാശത്തേക്ക് സ്വന്തം പോർവിമാനങ്ങളയച്ചും ചൈന ഇടയ്ക്കിടെ തങ്ങളുടെ കൈയൂക്ക് കാണിക്കുന്നുണ്ട്.
ലക്ഷ്യം വയ്ക്കുന്നത് അമേരിക്കയെ?
ഇന്ത്യയുൾപ്പടെയുള്ള അയൽരാജ്യങ്ങളിൽ എല്ലാ നിയന്ത്രണാതിരുകളും ലംഘിച്ചുകൊണ്ട് ചൈന നടത്തുന്ന ഈ പോർവിളി യഥാർത്ഥത്തിൽ അമേരിക്കയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ വിലയിരുത്തൽ. ലോകപൊലീസായ, ഒന്നാംനമ്പറായ അമേരിക്ക കൊവിഡ് വ്യാപനത്തെത്തുടർന്ന് ആകെ പകച്ചുനിൽക്കുന്ന ഈ പ്രത്യേകസമയം തന്നെ ഗുണ്ടായിസത്തിനായി തിരഞ്ഞെടുത്തത് ചൈനയുടെ അതിബുദ്ധിയുടെയും വക്രദൃഷ്ടിയുടെയും ഫലമാണ്. കൊവിഡ് വൈറസിനെ പുകച്ചു പുറത്തുചാടിച്ചത് ചൈനയാണെന്ന ആക്ഷേപം ആദ്യം ഉന്നയിക്കുന്നത് അമേരിക്കയാണ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ മനോഭാവവും അമേരിക്കയ്ക്ക് അനുകൂലമായിരുന്നു. അന്താരാഷ്ട്രസംഘടനകളിലും ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് വിരുദ്ധമായിരുന്നു. എതിർക്കുന്നവരെ സംഹരിക്കാനുള്ള ചൈനീസ് പ്രവണതയ്ക്ക് ആക്കംകൂട്ടാൻ ഇതൊക്കെ ധാരാളമായിരുന്നു. സൈനിക, സാമ്പത്തിക, വ്യാപാരമേഖകളിൽ അമേരിക്കയെ താഴെയിറക്കി തങ്ങൾക്ക് മേധാവിത്വം സ്ഥാപിക്കാൻ ഇതാണ് മികച്ചസമയമെന്നാണ് ചൈന കണക്കുകൂട്ടിയിരിക്കുന്നത്.
ചൈന വെള്ളംകുടിക്കും
കൊവിഡ് വ്യാപനത്തിന് പിന്നിൽ തങ്ങളാണെന്ന ആക്ഷേപത്തെ മറികടക്കാൻ ചൈനയ്ക്ക് ചില്ലറൊയൊന്നുമല്ല പണിപ്പെടേണ്ടിവരുന്നത്. രണ്ടാംഘട്ട വ്യാപനവും അവിടെനിന്നു തന്നെ പൊട്ടിപ്പുറപ്പെട്ടതോടെ ഈ ആക്ഷേപത്തിന് കൂടുതൽ കരുത്താർജിക്കുകയുമാണ്. ഓരോദിവസവും വൈറസ് വ്യാപനത്തിൽ ചൈനയുടെ പങ്ക് ശരിവയ്ക്കുന്ന പഠനറിപ്പോർട്ടുകൾ പുറത്തുവരുന്നത്, അന്താരാഷ്ട്രസമൂഹത്തിൽ ചൈനയെ വലിയതോതിൽ സമ്മർദ്ദത്തിലാക്കുക തന്നെ ചെയ്യും. ഇന്നല്ലെങ്കിൽ നാളെ ഇതിനൊക്കെ മറുപടി പറയേണ്ടിയുംവരും. ഇതിനിടയിലാണ്, തങ്ങളെ ഇതൊന്നും ബാധിക്കുന്നേയില്ലെന്ന മട്ടിലുള്ള ചൈനയുടെ അഭിനയപ്രകടനങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |