മദ്ധ്യവയസ്കനെ പിടികൂടി, സുഹൃത്തുക്കളും നിരീക്ഷണത്തിൽ
കൊല്ലം: കർണാടകയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയെത്തി നിരീക്ഷണത്തിൽ കഴിയാതെ നാടുനീളെ നടന്ന് മദ്യപിച്ച മദ്ധ്യവയസ്കനെ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ കടപ്പാക്കട ജംഗ്ഷനിൽ നിന്നാണ് തേവലക്കര സ്വദേശിയായ മദ്ധ്യവയസ്കനെ പിടികൂടിയത്.
കിണർ നിർമ്മാണ ജോലിക്കാരനായ മദ്ധ്യവയസ്കൻ ഉളിയക്കോവിൽ ശ്രീരംഗം കോളനിയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് കർണാടകയിൽ നിന്ന് നേരെയെത്തിയത്. അയൽവാസികൾ പ്രശ്നം ഉണ്ടാക്കിയപ്പോൾ കൊവിഡ് പരിശോധനാ ഫലത്തിന്റെ രേഖകൾ കാണിച്ച ശേഷം തട്ടിക്കയറി. അതേ ദിവസം തന്നെ നഗരത്തിലെ ബാറിൽ പോയി മദ്യപിച്ചു. ബുധനാഴ്ച രാവിലെ മുതൽ കടപ്പാക്കട മാർക്കറ്റിൽ തമ്പടിച്ചു. രാത്രി ആറ് സുഹൃത്തുക്കളുമായി ചേർന്ന് ചന്തയ്ക്കുള്ളിലിരുന്ന് മദ്യപിച്ചു.
ഇന്നലെ രാവിലെ ഉളിയക്കോവിൽ ശ്രീരംഗം കോളനിയിൽ ഉള്ളവർ വിവരം അറിയിച്ചതിനെ തുടർന്നാണ് കടപ്പാക്കട ജംഗ്ഷനിൽ നിന്ന് പിടികൂടി ചാത്തന്നൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒപ്പമിരുന്ന് മദ്യപിച്ച ആറ് സുഹൃത്തുക്കളെയും നിരീക്ഷണ കേന്ദ്രത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |