ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. എം.എൽ.എ.മാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലും, ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് ഇന്നത്തെ രാഷ്ട്രീയസംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്ന രാജസ്ഥാനിൽ കക്ഷിനില അനുസരിച്ച് മൂന്നിൽ രണ്ട് സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി.ജെ.പി. ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് എം.എൽ.എ.മാരെ ജയ്‍പുരിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കയാണ്. ബി.ജെ.പി.യും എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിനാണ് മുൻതൂക്കം. ഫലം വരുന്നതോടെ രാജ്യസഭയിൽ എൻ.ഡി.എ സഖ്യം ഭൂരിപക്ഷത്തോടടുക്കും.
245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല. എസ്.പി.(8), ബി.എസ്.പി.(4) പാർട്ടികൾ കോൺഗ്രസുമായി അടുത്ത കാലത്തുണ്ടായ അകൽച്ചയും ബി.ജെ.പി. സർക്കാരിന് അനുകൂലമാകുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടൽ.
ഗുജറാത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാല് സീറ്റിൽ മൂന്നെണ്ണം നേടണമെങ്കിൽ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസിന്റെ എട്ട് എം.എൽ.എ.മാർ ബി.ജെ.പി. സ്വാധീനത്താൽ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു.
ജാർഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി.ജെ.പി.യും, കോൺഗ്രസും,ജാർഖണ്ഡ് മുക്തിമോർച്ചയും, ഓരോ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബി.ജെ.പി.യും, കോൺഗ്രസും രണ്ടുസ്ഥാനാർഥികളെ വീതം നിർത്തി. മുൻ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദൾ-എസ്) കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുമടക്കം നാലുപേർ കർണാടകത്തിൽനിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ രണ്ടുപേർ ബി.ജെ.പി.യിൽനിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |