പത്തനംതിട്ട: കോന്നി വനം ഡിവിഷനിലെ പാടം, കരിപ്പാൻതോട് മേഖലകളിൽ നിന്ന് ഇരുപത് ലക്ഷത്തോളം വിലവരുന്ന തേക്കുതടികൾ വെട്ടിക്കടത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊക്കാത്തോട് താന്നിമൂട്ടിൽ ഷമീർ (30), കൊക്കാത്തോട് പുത്തൻവീട്ടിൽ അൻവർഷ (25), കൊക്കാത്തോട് തോണ്ടൻവേലിൽ ജ്യോതിഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. കടുവാത്തോട് ഭാഗത്തെ ഇഷ്ടികക്കളത്തിൽ ഇവർ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ഇന്നലെ കോന്നിക്കടുത്ത് നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.
ഫോറസ്റ്റ് വാച്ചർമാരായ കൊക്കാത്തോട് സ്വദേശികളായ മധു, ഗീവർഗീസ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഇനി പിടികൂടാനുള്ളത് വനംകൊള്ളയ്ക്ക് സഹായിച്ചവരെയാണ്. വെട്ടിക്കടത്തിയ തേക്കുതടികളിൽ 98 ശതമാനവും കണ്ടെടുത്തതായി അന്വേഷണ സംഘം പറഞ്ഞു.
ജനുവരി മുതൽ അഞ്ച് തവണകളായാണ് തടികൾ കടത്തിയത്. കൊല്ലം ചന്ദനത്തോപ്പിലെ തടിമില്ലിൽ നിന്നും കേരളപുരത്തെ പണിപൂർത്തിയായ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നുമാണ് തടി കണ്ടെടുത്തത്. ചില വനപാലകർക്ക് പങ്കുള്ള ആസൂത്രിത വനംകൊള്ള കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.
----------------------
@ ആസൂത്രകരായ വനപാലകരെ പിടികൂടുമോ?
കോന്നിയിൽ നിന്ന് തേക്കുതടികൾ വെട്ടിക്കടത്തിയ സംഭവം ആസൂത്രണം ചെയ്ത വനപാലകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമോ? നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ചോദ്യമിതാണ്. കോന്നി വനംഡിവിഷൻ ഒാഫീസിന്റെ ക്വാർട്ടേഴ്സിൽ ചില വനപാലകരും കാട്ടുകള്ളൻമാരും ഒത്തുചേരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മുൻ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. വനപാലകരുടെ ആസൂത്രണത്തിൽ കാടിന് തീവച്ച് അതിന്റെ മറവിൽ തേക്ക് വെട്ടിക്കടത്തിയതിന്റെയും തെളിവുകൾ ശേഖരിച്ചിരുന്നു. പ്രതികളും ചില വനപാലകരും തമ്മിലുള്ള ബന്ധത്തിന്റെ ഫോൺ രേഖകളും ലഭിച്ചു. എന്നാൽ, അന്വേഷണ സംഘത്തെ മൊത്തത്തിൽ സസ്പെന്റ് ചെയ്യിച്ച് തടിമോഷണത്തിൽ പങ്കുള്ള വനപാലകർ രക്ഷപ്പെട്ടിരിക്കുകയാണ്.
വനത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുൻകൂട്ടിക്കണ്ട് തടയിടേണ്ട ഫോറസ്റ്റ് വിജിലൻസ് വിഭാഗം നോക്കുകുത്തികളായിരിക്കെയാണ് മുൻ അന്വേഷണ സംഘം ശാസ്ത്രീയമായ രീതിയിൽ വനംകൊള്ളയുടെ തെളിവുകൾ ശേഖരിച്ചത്. കൊള്ളയ്ക്ക് കൂട്ടുനിന്നവർ വനംമന്ത്രിയുടെ ഒാഫീസിലെ ഉന്നതനെ സ്വാധീനിച്ച് അന്വേഷണ സംഘത്തെ സസ്പെന്റ് ചെയ്യിച്ചുവെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |