ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ചൈന കടന്നുകയറിയിട്ടില്ലെന്നും നമ്മുടെ പോസ്‌റ്റുകൾ കൈവശപ്പെടുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ അറിയിച്ചു. അതിർത്തിയിലെ സംഭവവികാസങ്ങളിൽ ഇന്റലിജൻസ് പിഴവുണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.
രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ‌്‌ടമായിട്ടില്ല. ഇങ്ങോട്ട് കടന്നുകയറാൻ ആരെയും അനുവദിക്കില്ല. അതിനുള്ള ശക്തി നമുക്കുണ്ട്. ഒരേസമയം ഏതു മേഖലയിലേക്കും സൈന്യത്തെ വിന്യസിക്കാനാകും. തിരിച്ചടിക്കുന്നതിലും അതിർത്തി സംരക്ഷിക്കുന്നതിലും സൈന്യം വിട്ടുവീഴ്‌ച ചെയ്യില്ല. ഭാരതാംബയെ തുറിച്ചു നോക്കിയവരെ ഒരു പാഠം പഠിപ്പിച്ചിട്ടാണ് നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചത്. അവരുടെ ധൈര്യവും ആത്മത്യാഗവും രാജ്യം എന്നും ഓർമ്മിക്കും. അതിർത്തിയിൽ മുൻപ് ശ്രദ്ധിക്കാത്ത ഭാഗങ്ങളിൽ നിരീക്ഷിക്കാനും പ്രതികരിക്കാനും സൈന്യത്തിന് കഴിയുന്നുണ്ട്. അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ചോദ്യം ചെയ്യാതിരുന്ന ചിലരെ നമ്മുടെ സൈന്യം ഇപ്പോൾ തടയുന്നുണ്ട്. അവരെ ചോദ്യം ചെയ്‌തപ്പോഴാണ് സംഘർഷമുണ്ടാകുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചു നിന്നാൽ സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിക്കും. സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നവാണ് നമ്മൾ. എന്നാൽ നമ്മുടെ പരമാധികാരവും പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |