കത്‌വ: ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിൽ അനധികൃതമായി പാകിസ്ഥാൻ അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. പുലർച്ചെ 5.10ഓടെ അതിർത്തിയോട് ചേർന്നുളള റത്‌വ ഏരിയയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് പറന്നെത്തിയ ഡ്രോൺ പട്രോളിംഗ് നടത്തുകയായിരുന്ന അതിർത്തി രക്ഷാ സേനയുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് വെടിവച്ചിട്ട ഡ്രോണിന് 17.5 കിലോ ഭാരമുണ്ടായിരുന്നു. 6 കിലോയോളം സാധനങ്ങൾ ഇതിൽ ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നതായി ജമ്മു അതിർത്തിയിലെ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ എൻ.എസ്.ജംവാൾ പറഞ്ഞു.
അമേരിക്കൻ നിർമ്മിത എം-4 സെമി ഓട്ടോമാറ്റിക് തോക്ക്, ഇതിൽ അറുപത് തിരയുണ്ടായിരുന്നു, ഏഴ് എം-67 ഗ്രനേഡുകൾ, രണ്ട് പുസ്തകങ്ങൾ ഇവയാണ് ഡ്രോണിൽ ഘടിപ്പിച്ചിരുന്നത്.
'അലി ഭായി എന്ന പേരുളള ആർക്കോ ആയുധം എത്തിക്കാനാണ് ഡ്രോൺ അതിർത്തി കടത്തി വിട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ കാര്യങ്ങൾ അന്വേഷിക്കും മുൻപ് പഞ്ചാബിലും പാകിസ്ഥാൻ ഇതേ തരം പ്രവർത്തനം നടത്തിയിട്ടുണ്ട് .' ജംവാൾ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് കാശ്‌മീരിൽ നഗ്രോത്തയിലെ ബാൻ ടോൾ പ്ളാസയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് തീവ്രവാദികളിൽ നിന്നും ഇതേ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ പാക് സൈന്യവും പാകിസ്ഥാൻ അതിർത്തി കൈയേറ്റക്കാരും തന്നെയാണെന്ന് അതിർത്തിരക്ഷാസേന അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |