കൃഷിമന്ത്രി വി.എസ് സുനിൽകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി വി.എസ്. സുനിൽ കുമാർ തിരുവനന്തപുരത്ത് നിരീക്ഷണത്തിലാണ്. കഴിഞ്ഞ 15 ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിലാണ് യോഗം നടന്നത്. ഇതേത്തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി നിരീക്ഷണത്തില്‍ പോയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
"മാസ്ക്, കയ്യുറ തുടങ്ങിയ കാര്യങ്ങള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് ഞാന്‍ യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവ് ആയതിനാല്‍ ആ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാനും ഉള്‍പ്പെടുന്നു എന്നതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. ഇതില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്,
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തൃശൂര്‍ നിയോജകമണ്ഡലം എന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 15) എന്റെ നിയോജകമണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുവേണ്ടി മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ച സുപ്രധാനമായ ഒരു യോഗം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേരുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് ഇന്നലെ രാത്രി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നതിന് തീരുമാനിച്ചത്. മാസ്ക്, കയ്യുറ തുടങ്ങിയ കാര്യങ്ങള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് ഞാന്‍ യോഗത്തില്‍ പങ്കെടുത്തത്.
എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവ് ആയതിനാല്‍ ആ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാനും ഉള്‍പ്പെടുന്നു എന്നതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. ഇതില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഒരാള്‍ എന്ന നിലയിലാണ് ഈ തീരുമാനം ഞാനെടുത്തത്. ഇന്ന് രാവിലെ 10ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.
വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും വീട്ടിലിരുന്നുകൊണ്ടുതന്നെ കോ-ഓര്‍ഡിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്ന കാര്യം കൂടി അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |