തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ വൻ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപ മുടക്കി മൂവായിരം ഇലക്‌ട്രിസിറ്റി ബസ് വാങ്ങാനുള്ള സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയിലാണ് പ്രതിപക്ഷം പുതിയ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിക്കായി കൺസൾട്ടൻസി ഏൽപ്പിച്ചത് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടന്റ് എന്ന കമ്പനിക്കാണ് . രണ്ട് വർഷത്തേക്ക് സെബി നിരോധിച്ച കമ്പനിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി നേരിട്ടാണ് കൺസൾട്ടൻസിക്കായി കരാർ ഏൽപ്പിച്ചത്. സത്യം കുംഭകോണം ഉൾപ്പെടെ ഒമ്പത് കേസുകളാണ് ഈ കമ്പനി നേരിടുന്നത്. ടെൻഡർ വിളിക്കാതെയാണ് കമ്പനിക്ക് കരാർ ഏൽപ്പിച്ചത്. 2017 മുതൽ കേരളം കമ്പനിക്ക് കരാർ നൽകുന്നു. കമ്പനിക്ക് കരാർ നൽകിയതിൽ സെക്രട്ടറിയേറ്റ് മാന്വൽ പാലിച്ചിട്ടില്ല.
ഈ കമ്പനിക്ക് കരാർ നൽകിയത് ഗതാഗത വകുപ്പ് മന്ത്രി അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം. കരാറിന് കൂട്ടു നിന്നവർക്കെതിരെ സർക്കാർ നടപടി എടുക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തിനാണ് ഈ കരാർ കമ്പനിക്ക് നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണം. കെ.പി.എം.ജിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. സമാനമായ അഴിമതിയാണ് സ്പ്രിൻക്ലറിലും ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
അടിയന്തരമായി കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ പിന്നീട് വിശദീകരിക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എ.പി ഷാ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റിൽപറത്തി ക്യാബിനറ്റ് പോലുമറിയാതെയാണ് കരാർ നൽകിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ലണ്ടൻ കമ്പനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്ന് വ്യക്തമാക്കണം. സാങ്കേതിക സർവകലാശാലയിലെ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കത്തയയ്ക്കും. തോട്ടപ്പള്ളിയിലെ സമരത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് ഇ.പി ജയരാജൻ പ്രസ്‌താവന നടത്തിയത്. ജയരാജൻ പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളകോൺഗ്രസ് തർക്കത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് നാളെയെടുക്കും. യു.ഡി.എഫ് നിർദേശം എന്താണെന്ന് കൺവീനർ ബെന്നിബഹനാൻ ജോസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. പക്ഷെ തീരുമാനം ഇതുവരെ അവർ പാലിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |