മലപ്പുറം: ജില്ലയിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കൊവിഡ് പ്രതിരോധ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ജൂൺ 27ന് മാത്രം 47 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തതിന്റെയും സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ പ്രവർത്തകർക്കടക്കം രോഗബാധയുണ്ടായ സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിനും നിയന്ത്രണത്തിനുമായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിന് ആദ്യഘട്ടത്തിൽ ജില്ലയിൽ വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തും. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്ററി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേരുടെയും ആശാ വർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേരുടെയും സ്രവ പരിശോധന നടത്തും. ഇതിന് പുറമെ 60 വയസിന് മുകളിൽ പ്രായമുള്ള 250 പേരുടെയും സർക്കാർ സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകരുടെയും സ്രവ പരിശോധനയുമാണ് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഇന്ന് ജില്ലയിലെത്തിക്കും.
ഇനി കർശന നിയന്ത്രണങ്ങൾ
കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവൻ ആളുകളെയും കണ്ടെത്തും. ഇതിൽ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. സമ്പർക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകൾ 28 ദിവസം റൂം ക്വാറന്റീനിൽ കഴിയണം. കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും പെട്രോൾ പമ്പുകൾ രാവിലെ രാവിലെ ഏഴ് മുതൽ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. ഹോട്ടലുകളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പാർസൽ മാത്രം അനുവദിക്കും.
അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾ മാത്രമേ കണ്ടെയ്ൻമെന്റ് സോണിൽ തുറന്നു പ്രവർത്തിക്കാവൂ. ഈ സ്ഥാപനങ്ങളിൽ അത്യാവശ്യത്തിനുള്ള ജീവനക്കാർ മാത്രം ജോലിക്ക് ഹാജരായാൽ മതി. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദർശനം ഒഴിവാക്കണം. സന്ദർശനം അനിവാര്യമാണെങ്കിൽ മാസ്‌ക് ധരിച്ച് മാത്രമെ പോകാവു. അയൽ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളിൽ പ്രായമുള്ളവരോടും അടുത്തിടപഴകരുത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങളുമായി ഗുഡ്സ് വാഹനങ്ങൾ ഓടുന്നതിന് തടസമില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് മൈക്കിലൂടെ അനൗൻസ്‌മെന്റ് നടത്തും.
കണ്ടെയ്ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങൾ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഗർഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.
കൊവിഡ് രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയകളിലുൾപ്പടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് താലൂക്ക് തലത്തിൽ സ്‌ക്വാഡുകൾ ശക്തിപ്പെടുത്തും. സർക്കാരിന്റെ കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ സെല്ലിലെ 0483 2733251, 2733252, 2733253 നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. കൺട്രോൾ സെല്ലിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് മാത്രമെ തുടർ തീരുമാനങ്ങൾ കൈക്കൊള്ളാവു. സ്രവ പരിശോധനയ്ക്ക് വിധേയരാകുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം.
വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവർ നിർബന്ധമായും ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ ലംഘനം കണ്ടെത്തുന്നതിന് വാർഡ്തല ജാഗ്രത സമിതികളും റാപ്പിഡ് റെസ്‌പോൺസ് ടീമുകളും ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |