തിരുവനന്തപുരം: ഗൾഫിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം കൈകാര്യം ചെയ്തതിൽ സർക്കാരിന്ജാഗ്രതക്കുറവുണ്ടായെന്ന സംശയം സി.പി.എം സംസ്ഥാന നേതൃയോഗത്തിലും.
പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കലും, പിന്നീട് പി.പി.ഇ കിറ്റ് മതിയെന്നതിലേക്ക് മാറേണ്ടിവന്നതുമൊക്കെ പ്രതിപക്ഷം രാഷ്ട്രീയമുതലെടുപ്പിന് ആയുധമാക്കിയെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത്തരത്തിലുള്ള സംശയങ്ങളും ഉയർന്നത്. പ്രതിപക്ഷ മുതലെടുപ്പ് മനസ്സിലാക്കിയുള്ള കരുതലുണ്ടായില്ലെന്നും വിമർശനമുയർന്നു.
കൊവിഡ് കാര്യങ്ങൾ നോക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. വിഷയം സർക്കാർ മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രവാസികളുടെ തിരിച്ചുവരവ് പ്രശ്നം വൈകാരികമാക്കി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. ന്യൂനപക്ഷവോട്ട് കേന്ദ്രീകരണത്തിന് ശ്രമമുണ്ടായെങ്കിലും സർക്കാർ നിലപാടിലെ ഉദ്ദേശ്യശുദ്ധി വ്യക്തമായ സ്ഥിതിക്ക് അത് വിലപ്പോവില്ല. വകുപ്പ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിൽ, തീരുമാനങ്ങളെടുക്കുന്നതിലെ ഏകോപനമില്ലായ്മയെ മുഖ്യമന്ത്രി വിമർശിച്ചു. താഴെത്തട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി വേണം തീരുമാനമെടുക്കാൻ. പ്രതിരോധപ്രവർത്തനങ്ങളിലടക്കം ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |