കൊച്ചി : വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെയും ഉദ്യോഗസ്ഥരുടെയും എതിർപ്പ് മറികടന്ന്, ഹബിലെ അരയേക്കർ സ്ഥലം മുംബയ് ആസ്ഥാനമായ പ്രമുഖ വ്യവസായ ഗ്രൂപ്പിനു 30 വർഷത്തേക്ക് പാട്ടത്തിനു നൽകാൻ നീക്കം. ഇടപാട് സുഗമമാക്കാൻ മൊബിലിറ്റി ഹബ് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജയെ സ്ഥാനത്തുനിന്നു നീക്കി.
കഴിഞ്ഞ നവംബറിലാണ് സംയുക്ത സംരംഭത്തിനു സി.എൻ.ജി (കംപ്രസ്ഡ് നാചുറൽ ഗ്യാസ്) ഫില്ലിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ 35 സെന്റ് സ്ഥലം 30 വർഷത്തേക്കു പാട്ടത്തിനു നൽകണമെന്ന് സ്വകാര്യ വ്യവസായ ഗ്രൂപ്പ് സർക്കാരിന് അപേക്ഷ നൽകിയത്. ജല മെട്രോ ഉൾപ്പെടെ 20 ഏക്കറിലേറെ സ്ഥലത്തു വികസന പദ്ധതികൾ നിലവിലുള്ളതിനാൽ ഇത് പരിഗണിക്കേണ്ടതില്ലെന്ന് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഹബ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു പിറ്റേന്ന് ചേർന്ന സർക്കാർ ഉന്നതതല യോഗമാണ് വ്യവസായ ഗ്രൂപ്പിനു ഭൂമി പാട്ടത്തിനു നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
സംയുക്ത പരിശോധന
വാഹനങ്ങൾക്ക് പ്രകൃതിവാതകം നൽകുന്ന സ്റ്റേഷൻ സ്ഥാപിക്കുകയാണ് പദ്ധതി. 50 മീറ്റർ റോഡരിക് ഉൾപ്പെടെ ആവശ്യപ്പെട്ടതിനാൽ 50 സെന്റ് വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.
സൊസൈറ്റിയുടെയും വ്യവസായ ഗ്രൂപ്പിന്റെയും കൊച്ചി മെട്രോയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തു സംയുക്ത പരിശോധന നടത്തി സൊസൈറ്റി ഭരണസമിതിക്കു റിപ്പോർട്ട് നൽകും. ഇതിനു ശേഷമായിരിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക.
ഹബ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് ആർ. ഗിരിജയെ മാറ്റി എറണാകുളം സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗിന് ചുമതല നൽകിയത് പാട്ട നടപടി വേഗത്തിലാക്കാനാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മാറ്റം നേരത്തെ തീരുമാനിച്ചത്
എന്റെ മാറ്റം ഈമാസമാദ്യം തീരുമാനിച്ചതാണ്. ഹബ്ബിലെ മറ്റ് ഏജൻസികൾക്കു നൽകിയതു പോലെ മുഴുവൻ നടപടിക്രമങ്ങളും നിബന്ധനകളും പാലിച്ചു മാത്രമേ സ്വകാര്യ ഗ്രൂപ്പിനു ഭൂമി പാട്ടത്തിനു നൽകാവൂ എന്നു യോഗം തീരുമാനിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ പറയാനാകില്ല.
ആർ. ഗിരിജ
മാനേജിംഗ് ഡയറക്ടർ
നാളെ പ്രതിഷേധം
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ടെൻഡർ വിളിക്കാതെ ഭൂമി നൽകാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കും. 30 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മൊബിലിറ്റി ഹബ് ഓഫീസിനു മുമ്പിൽ സത്യാഗ്രഹം ഇരിക്കും. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന സമരത്തിൽ കോൺഗ്രസ് നേതാക്കളും പങ്കെടുക്കും.
പി.ടി. തോമസ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |