നെടുമങ്ങാട്: നാലരവർഷത്തെ പ്രവർത്തന മികവിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഇനത്തിൽ കരസ്ഥമാക്കാനായത് ഒന്നരക്കോടിയോളം രൂപ. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് ഈ തുക വിനിയോഗിക്കുക പുരസ്കാര സ്മാരക മന്ദിരം നിർമ്മിക്കാനോ, ശിലാഫലകങ്ങൾ തീർക്കാനോ അല്ല. മറിച്ച് അർബുദ ചികിത്സയ്ക്ക് പാങ്ങില്ലാതെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികളുടെ അക്കൗണ്ടിലേക്കാവും പണം എത്തിക്കുക. ഇതിലൂടെ നാടിന്റെ വികസനത്തിലേക്കും ജനസേവനത്തിന്റെ പുതിയ അദ്ധ്യായത്തിലേക്കും ഒരു ചുവട് കൂടി വയ്ക്കാൻ നെടുമങ്ങാട് ബ്ലോക്ക് അധികൃതർക്കായി. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബ്ലോക്കിനുള്ള സശാക്തീകരൻ ദേശീയ പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും കൈയടക്കി ഹാട്രിക്ക് തിളക്കത്തോടെയാണ് പുതിയ മാതൃകാ പദ്ധതിയിലേക്ക് നെടുമങ്ങാട് ബ്ലോക്ക് കടന്നിരിക്കുന്നത്. 'നെടുമങ്ങാടിൻ അഭയം" എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. അവാർഡ് തുകയും സംഭാവനകളും ചേർത്ത നിക്ഷേപ പലിശ ഓരോ മാസവും രോഗിയുടെ കരങ്ങളിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'മണ്ണിന്റെയും മനുഷ്യന്റെയും ആയുസിനായി" എന്ന സന്ദേശമുയർത്തി 2015ൽ തുടക്കം കുറിച്ച ജൈവഗ്രാമം പദ്ധതിയിലൂടെ തുടക്കം കുറിച്ച് പിന്നീടുള്ള നിരവധി നൂതനാശയങ്ങളുടെ ഫലപ്രാപ്തിക്കൊടുവിലാണ് ജീവകാരുണ്യ രംഗത്ത് ബ്ലോക്കിന്റെ ഇടപെടൽ. സ്വയം നിക്ഷേപമായി ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും സ്വരൂപിച്ച 4.25 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച ജൈവഗ്രാമത്തിൽ പച്ചക്കറികൃഷി മാത്രമല്ല, കാലിവളർത്തലും കോഴിവളർത്തലും പൂക്കൃഷിയും അടക്കമുണ്ട്. നൂറോളം പേർക്ക് ജോലിയും കാർഷിക പരിശീലനവും ഇവിടെ ലഭിക്കുന്നുണ്ട്. ഓരോ വർഷവും 25 ലക്ഷം രൂപയാണ് ജൈവഗ്രാമം പദ്ധതിയിൽ നിന്നു ലഭിക്കുന്ന ലാഭം. 2018 ൽ ജില്ലാപഞ്ചായത്തുമായി കൈകോർത്ത് ആരംഭിച്ച 'കിള്ളിയാർ ഒഴുകും സ്വസ്ഥമായി" എന്ന പദ്ധതിയും വിജയത്തിലെത്തിച്ചു. ആദ്യഘട്ടത്തിൽ 14.20 ഏക്കർ തീരഭൂമി ഒഴിപ്പിച്ചു. ആറിന്റെ പുനരുജ്ജീവനത്തിന് തയ്യാറാക്കിയ 9 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. നടപ്പിലാക്കിയ വികസന പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തിയും ഈ ബ്ലോക്ക് കൈയടി നേടി. ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വട്ടപ്പാറ ബി. ബിജുവിന്റെ സാരഥ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വിജയക്കുതിപ്പ്.
പടരുന്ന അർബുദം
ആശങ്ക പരത്തുന്ന രീതിയിൽ മലയോരത്ത് കാൻസർ രോഗികളുടെ എണ്ണം പെരുകുകയും കൃത്യമായ ചികിത്സയും മരുന്നും ലഭിക്കാതെ മരണം ഏറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതി അക്ഷരാർത്ഥത്തിൽ നെടുമങ്ങാടിന് അഭയമായി മാറുകയാണ്. പുകയില, മദ്യം, വന്യമൃഗങ്ങളുടെ ഇറച്ചി, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി എന്നിവയുടെ അമിത ഉപയോഗവും പൊടി, വൈറസുകൾ, ബാക്ടീരിയ, ഫംഗസുകൾ തുടങ്ങിയവ മൂലവും നെടുമങ്ങാട് താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കാൻസർ പടരുന്നതായി രാജ്യാന്തര കാൻസർ ഗവേഷണ ഏജൻസി നടത്തിയ പഠനറിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ലഹരി വസ്തുക്കളുടെ ഉപഭോഗം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സജീവമായ ഇടപെടൽ നടക്കുന്നുണ്ടെങ്കിലും രോഗികളുടെ പരിചരണവും ചികിത്സയും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
പ്രധാന അവാർഡുകൾ
ദേശീയ അവാർഡ് (തുടർച്ചയായി 3 തവണ)
സംസ്ഥാന സ്വരാജ് ട്രോഫി (തുടർച്ചയായി 2 തവണ)
മികച്ച ബ്ലോക്കിനുള്ള പ്രഥമ സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം
ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ്
ആയുഷ് ഇന്റർനാഷണൽ കോൺക്ലേവ് അവാർഡ്
ഹരിതകേരള മിഷൻ പ്രതിഭാപുരസ്‌കാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |