# രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 10 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 169 ആയി. 7 പേർ വിദേശത്തുനിന്നും രണ്ടുപേർ ഡൽഹിയിൽ നിന്നും എത്തിയതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 9 പേരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 സ്ത്രീകൾ ഉൾപ്പെടെ 5 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ 116 പേർ രോഗമുക്തരായി.
കുവൈറ്റിൽ നിന്നു നാട്ടിലെത്തിയ ചെങ്ങന്നൂർ സ്വദേശിയുടെ 55 വയസുള്ള ഭാര്യയ്ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഡൽഹിയിൽ നിന്നു കൊച്ചിയിലെത്തിയ പത്തു വയസ്സുള്ള ആൺകുട്ടി, ഏഴ് വയസുള്ള പെൺകുട്ടി, ദുബായിൽ നിന്നു കൊച്ചിയിലെത്തിയ പുന്നപ്ര സ്വദേശി, ഒമാനിൽ നിന്നു കൊച്ചിയിലെത്തിയ മുതുകുളം സ്വദേശി, ദമാമിൽ നിന്നു തിരുവനന്തപുരത്തെത്തിയ കായംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുതുകുളം സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിയ 47 വയസുള്ള ചെറുതന സ്വദേശി, 49 വയസുള്ള ചേപ്പാട് സ്വദേശി, ദമാമിൽ നിന്നു തിരുവനന്തപുരത്തെത്തി തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 61 വയസുള്ള ചുനക്കര സ്വദേശി, മസ്‌കറ്റിൽ നിന്നു കൊച്ചിയിലെത്തിയ ചെറിയനാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
കണ്ടെയ്ൻമെന്റ് സോണുകൾ
അരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒരു വീട്ടിലെ മൂന്നു പേർക്കും ചെന്നിത്തല പഞ്ചായത്ത് പതിനാലാം വാർഡിലെ ഒരു വീട്ടിൽ രണ്ടുപേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ അരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്, ചെന്നിത്തല പഞ്ചായത്തിലെ 14-ാം വാർഡ് എന്നിവ കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
നിരീക്ഷണത്തിൽ 7206 പേർ
ജില്ലയിൽ നിലവിൽ 7206 പേരാണ് നിരീക്ഷണത്തിലുള്ളത്. 190 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 153ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറും കായംകുളം ഗവ. ആശുപത്രിയിൽ നാലും കായംകുളം സ്വകാര്യ ആശുപത്രിയിൽ ഏഴും പേരാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |