തിരുവനന്തപുരം : സംസ്ഥാനത്തെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉപഭോക്താക്കൾക്ക് സെൽഫ്‌മീറ്റർ റീഡിംഗ് സംവിധാനം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി ആലോചന. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ് കണക്കാക്കി കെ.എസ്.ഇ.ബിക്ക് സമർപ്പിക്കാം. ഇതിനായി പ്രത്യേക സോഫ്‌റ്റ്‌വെയർ തയ്യാറാക്കും.
എടുക്കേണ്ട തീയതി, റീഡിംഗ് വിവരങ്ങൾ നൽകേണ്ട ലിങ്ക് എന്നിവ കെ.എസ്.ഇ.ബി ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ നൽകും. നിശ്ചിത തീയതിയിൽ ഉപഭോക്താവ് റീഡിംഗ് എടുത്തശേഷം ഈ വിവരം ലിങ്ക് വഴി നൽകണം. റീഡിംഗ് ചിത്രവും നൽകാം. റീഡിംഗിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ബിൽ തുക കണക്കാക്കും. തുടർന്ന് ബിൽ എസ്.എം.എസ്, ഇ-മെയിൽ, കെ.എസ്.ഇ.ബി യുടെ സൈറ്റുകൾ എന്നിവയിലൂടെ ഉപഭോക്താവിന് ലഭ്യമാക്കും. ഓൺലൈനായോ, സെക്‌ഷൻ വഴിയോ ബില്ലടയ്‌ക്കാം. ഉപഭോക്താവിന് ഇഷ്ടമുണ്ടെങ്കിൽമാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താം.
കണ്ടെയ്‌ൻമെന്റ് സോണിൽ മീറ്റർ റീഡർമാരെ നിയോഗിച്ചുള്ള റീഡിംഗ് സാദ്ധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം. ഇവിടങ്ങളിൽ ശരാശരിയുടെ അടിസ്ഥാനത്തിൽ ബിൽ നൽകുകയാണ് നിലവിലുള്ള പോംവഴി. എന്നാൽ, അടുത്തിടെ ശരാശരിയുടെ അടിസ്ഥാനത്തിൽ നൽകിയ ബിൽ വ്യാപക പരാതികൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |