മുംബയ്: ധനനയ നിർണയ സമിതിയിലെ (എം.പി.സി) സ്വതന്ത്ര അംഗങ്ങളായ ചേതൻ ഖാട്ടെ, പാമി ദുവ, രവീന്ദ്ര ധൊലാക്കിയ എന്നിവരുടെ കാലാവധി നീട്ടണമെന്ന് ധനമന്ത്രാലയത്തോട് റിസർവ് ബാങ്ക് അഭ്യർത്ഥിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ഒട്ടേറെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതിനാൽ അടുത്ത മാർച്ചുവരെ കാലാവധി നീട്ടണമെന്നാണ് ആവശ്യം.
ആറംഗങ്ങളാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ എം.പി.സിയിലുള്ളത്. മൂന്നുപേർ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്നവരാണ്. മറ്റു രണ്ടുപേർ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജനക് രാജുമാണ്. 2016ൽ എം.പി.സി അംഗങ്ങളായ ചേതൻ ഖാട്ടെ, പാമി ദുവ, രവീന്ദ്ര ധൊലാക്കിയ എന്നിവരുടെ കാലാവധി സെപ്‌തംബറിൽ അവസാനിക്കും.
നാലുവർഷമാണ് സ്വതന്ത്ര അംഗങ്ങളുടെ കാലാവധി. ഇവർക്ക് പുനർനിയമനം നൽകാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടത്. നിലവിലെ എം.പി.സി, നടപ്പുവർഷം ഇതുവരെ മാത്രം റിപ്പോനിരക്ക് കുറച്ചത് 1.15 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |